ഭവനത്തില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുവാന്‍ ഈ വാസ്തു നിയമങ്ങള്‍ അനുസരിക്കാം….

Advertisement

വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങള്‍ പാലിച്ചു നിര്‍മ്മിക്കുന്ന ഭവനത്തില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുമെന്നാണ് വിശ്വാസം. വിവിധ ഊര്‍ജതരംഗങ്ങള്‍ ഗൃഹവാസികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വാസ്തു നിയമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക് അഗ്‌നികോണില്‍ ധനം സൂക്ഷിച്ചാല്‍ അനാവശ്യചിലവുകള്‍ വന്നു ചേരും. അഗ്‌നികോണില്‍ മുറികള്‍ പണിയുന്നതിലും നന്ന് അടുക്കള നിര്‍മ്മിക്കുന്നതാണ്.
വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കില്‍ കടബാധ്യതയാവും ഫലം. ഈശാനകോണായ വടക്കു കിഴക്കുഭാഗം പൂജാമുറിക്കായോ കുട്ടികളുടെ പഠനമുറിയായോ ഉപയോഗിക്കുന്നതാണ് ഉത്തമം.
പണം സൂക്ഷിക്കാന്‍ വടക്ക് പടിഞ്ഞാറ് വായുകോണിലുള്ള മുറിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വരവില്‍ കവിഞ്ഞ ചിലവ് അനുഭവപ്പെടും. ഉള്ളതും കൂടി ഇല്ലാതാവുമെന്നു സാരം.
സാമ്പത്തിക അഭിവൃദ്ധിയുണ്ടാവാന്‍ വീടിന്റെ കന്നിമൂലയില്‍ പണവും മറ്റും സൂക്ഷിക്കുന്നതാണ് ഉത്തമം. മുറിയുടെ തെക്കുപടിഞ്ഞാറെ മൂലയില്‍ വടക്കോട്ടു ദര്‍ശനമായി അലമാര വയ്ക്കുന്നത് നന്ന്. പണപ്പെട്ടിയുടെ അരികിലായി മയില്‍പ്പീലി സൂക്ഷിച്ചാല്‍ സമ്പത്തു വര്‍ധിക്കുമെന്നാണ് വിശ്വാസം.
സമ്പത്ത് നിലനില്‍ക്കാന്‍ ഭവനത്തില്‍ എപ്പോഴും മഹാലക്ഷ്മി പ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. രാവിലെയും വൈകുന്നേരവും വീടും പരിസരവും വൃത്തിയാക്കി വിളക്ക് കൊളുത്തുക.പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുന്നതും നന്ന്. വൃത്തിയും വെടിപ്പുമുള്ളയിടത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ. വാസ്തു അനുസരിച്ചു വീട് പണിതാലും വേണ്ടരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ ഗുണഫലങ്ങളൊന്നും അനുഭവയോഗ്യമാവില്ല.

Advertisement