സയൻസ് ഫിക്ഷൻ ചിത്രം ലെജൻഡ് ആദ്യ നാല് ദിനം കൊണ്ട് വാരിയത് ആറ് കോടി രൂപ

Advertisement

ചെന്നൈ: സയൻസ് ഫിക്ഷൻ തമിഴ് ചിത്രം ദ ലെജൻ‍ഡ് ആദ്യ നാല് ദിനം കൊണ്ട് നേടിയത് ആറ് കോടി രൂപയെന്ന് റിപ്പോർട്ട്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൾ ശരവണന്റെ അരങ്ങേറ്റ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

സമീപ കാല തമിഴ് സിനിമയിലെ കൗതുകമുണർത്തിയ അരങ്ങേറ്റമായിരുന്നു അരുൾ ശരവണൻറേത്. തമിഴ്നാട്ടിലെ ശരവണ സ്റ്റോഴ്സ് ഉടമ ശരവണൻ സ്വന്തം സ്ഥാപനത്തിൻറെ നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വ്യക്തിത്വമാണ്. അതിന് തുടർച്ചയായാണ് സ്വന്തമായി സിനിമ നിർമ്മിച്ച് അതിൽ നായകനായി അഭിനയിക്കാൻ അദ്ദേഹം തീരുമാനിച്ചത്. 45 കോടി മുതൽമുടക്കിൽ ലോകമാകെ 2500 സ്ക്രീനുകളിൽ റിലീസുമായാണ് നടനായുള്ള തൻറെ അരങ്ങേറ്റം അരുൾ ശരവണൻ ആഘോഷമാക്കിയത്. ഇപ്പോഴിതാ ദ് ലെജൻഡ് എന്ന ചിത്രത്തിൻറെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷൻ കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തിൽ രണ്ട് കോടി നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളിൽ നിന്ന് ആകെ നേടിയത് ആറ്കോടി രൂപയാണ്. 65 കോടി നേടിയാൽ മാത്രമാണ് ചിത്രം വിജയിച്ചു എന്ന് പറയാനാവുക. നിലവിലെ ട്രെൻഡ് പരിശോധിക്കുമ്പോൾ അതിന് സാധ്യതയില്ലെന്നു മാത്രമല്ല ചിത്രം വലിയ പരാജയത്തെയാണ് നേരിടുന്നതെന്നും നിരീക്ഷകർ പറയുന്നു.

ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. സ്വന്തം പേരിൽ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തിൽ ശരവണൻ അവതരിപ്പിച്ചിരിക്കുന്നത്. ഉർവ്വശി റൌട്ടേല, ഗീതിക തിവാരി, സുമൻ, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസർ, റോബോ ശങ്കർ, യോഗി ബാബു, പ്രഭു, വിജയകുമാർ, ലിവിങ്സ്റ്റൺ, സച്ചു എന്നിവർക്കൊപ്പം അന്തരിച്ച നടൻ വിവേകും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നാണ് ലെജൻഡ്. ഹാരിസ് ജയരാജ് സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ആർ വേൽരാജ് ആണ്. എഡിറ്റിംഗ് റൂബൻ.