മലയാളിയും ചിരിയും ഉള്ളകാലം മറക്കാത്ത ഒരുപിടി ചിത്രങ്ങളുടെ സൃഷ്ടാക്കള്‍ ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും സംഭാഷണവും റാഫി തന്നെയാണ്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്നുവെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ബാദുഷ. ഒരിടവേളയ്ക്കു ശേഷം ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ഷൂട്ട് ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ജിതിന്‍ സ്റ്റാനിലസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.