ജന്മാഷ്ടമി വിപുലമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിക്കുമ്പോള്‍ ശ്രീകൃഷ്ണവേഷത്തില്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനുശ്രീ. കൃഷ്ണ വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ജന്മാഷ്ടമിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അവതാര പുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.




നിതിന്‍ നാരായണനാണ് ഫോട്ടോഗ്രാഫര്‍. ഇതിന് മുമ്പും താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ അനുശ്രീ ഭാഗമായിട്ടുണ്ട്. ഭാരത മാതാവിന്റെയും രാധയുടെയും വേഷങ്ങള്‍ അണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്ത നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷവും ജന്മാഷ്ടമി നാളില്‍ കണ്ണന്റെ രാധയായി അനുശ്രീ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.