നാടിനെ അമ്പാടിയാക്കി ശോഭായാത്രകള്‍

Advertisement

നാടും നഗരവും ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ശോഭാ യാത്രകള്‍ നാടിനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാക്കി മാറ്റി. ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചെല്ലാം ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകളില്‍ പുരാണകഥാ സന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ കലാ പ്രകടനങ്ങളും അണിനിരന്നു.


വിവിധ സ്ഥലങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി ഉറിയടി, ഗോപികാ നൃത്തം, ഉണ്ണിക്കണ്ണന്മാരുടേയും ഗോപികമാരുടേയും വേഷ മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. നഗരവീഥികളെ അമ്പാടിയും മധുരയുമാക്കി മാറ്റുന്ന ശോഭായാത്രകളെ വരവേല്‍ക്കാന്‍ നാടാകെ ഒന്നായി നില്‍ക്കുന്ന കാഴ്ചയാണ് എല്ലായിടവും കാണാന്‍ കഴിഞ്ഞത്. സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ നടന്നത്.