ആഡംബര വാഹനമായ ലംബോര്‍ഗിനിയുടെ എസ്യുവി മോഡലായ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന എസ്യുവിയുടെ ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്.
ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്. പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത്. ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്യുവിയാണ് ഉറുസ്. 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്.