‘കരിക്ക്’ ഫെയിം ശ്രുതി വിവാഹിതയായി; വരന്‍ ‘പാല്‍തു ജാന്‍വര്‍’ സംവിധായകന്‍

Advertisement

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത്.പി. രാജന്‍ ആണ് വരന്‍. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയവിവാഹമാണ്. സംഗീതിന്റെ സംവിധാന അരങ്ങേറ്റ ചിത്രം പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്.

ചുവന്ന ത്രെഡ് വര്‍ക്കോഡു കൂടിയ വെള്ള ധാവണിയായിരുന്നു ശ്രുതിയുടെ വേഷം. ക്രീം കുര്‍ത്തയും മുണ്ടുമാണ് സംഗീത് അണിഞ്ഞിരുന്നത്. കരിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്‌സ് തുടങ്ങിയ മിനി സിരീസുകളിലൂടെയാണ് ശ്രുതി പ്രേക്ഷകശ്രദ്ധ നേടുന്നത്. ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഓണം റിലീസ് ആയി എത്തിയ പാല്‍തു ജാന്‍വര്‍ എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Advertisement