രവീന്ദ്രനെക്കുറിച്ചുള്ള ജയചന്ദ്രന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി ശോഭരവീന്ദ്രൻ

Advertisement


കൊല്ലം: സം​ഗീത സംവിധായകൻ രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ല എന്ന ​ഗായകൻ പി ജയചന്ദ്രന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ.

രവീന്ദ്രനെക്കുറിച്ച്‌ പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു എന്നാണ് ശോഭ പറഞ്ഞത്. ജയേട്ടൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പക്ഷേ ഇത്ര വർഷങ്ങൾ വേണ്ടിവന്നു ജയേട്ടനത് കണ്ടുപിടിക്കാൻ എന്നുള്ളതാണ് തനിക്ക് ചോദിക്കാനുള്ളത്. മാഷ് ഇവിടെ നിന്ന് പോയിട്ട് തന്നെ പതിനേഴ് വർഷമായി. ഇങ്ങനെയൊരു അഭിപ്രായം പറയാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു എന്നുള്ളതാണ് സങ്കടകരം.- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ശോഭ പറഞ്ഞു.

രവീന്ദ്രൻ മാഷ് ശാസ്ത്രീയ സം​ഗീതത്തെ കുറച്ചുകൂടി ലളിതവത്ക്കരിച്ച്‌ ജനങ്ങളിലെത്തിച്ചു എന്നാണ് നമ്മളെല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ സം​ഗീതത്തെ സങ്കീർണമാക്കി എന്നുകേൾക്കുമ്പോൾ, ജയേട്ടന് അങ്ങനെ തോന്നിക്കാണും. അദ്ദേഹത്തിന് സം​ഗീതത്തേക്കുറിച്ച്‌ ആധികാരികമായി അറിയാം എന്നുള്ളതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്നും ശോഭ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാ​ദപരാമർശമുണ്ടായത്. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. ഇവർ ഓരോരുത്തർക്കും അവരുടേതായ സ്‌റ്റൈലുകളുണ്ടായിരുന്നു. ജി ദേവരാജൻ എന്റെ യഥാർത്ഥ മെന്ററും ഗുരുവുമാണ്. ഇവർക്കു ശേഷം മാസ്റ്റർ എന്നു വിളിക്കാൻ അർഹനായത് ജോൺസൻ മാത്രമാണ്. ജോൺസണിന് ശേഷം മാസ്റ്റർ എന്നു വിളിക്കാൻ അർഹതയുള്ള ആരുമില്ല.- ജയചന്ദ്രൻ പറഞ്ഞു.

രവീന്ദ്രൻ മാസ്റ്ററിനെക്കുറിച്ചുള്ള അഭിപ്രായം എന്തെന്ന ചോദ്യത്തിനാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മാസ്റ്റർ കമ്പോസറായി ഞാൻ അദ്ദേഹത്തെ കാണുന്നില്ല. അദ്ദേഹത്തിന്റെ കോമ്പോസിഷനുകളെല്ലാം അനാവശ്യമായി സങ്കീർണമായിരുന്നു. എന്തിനാണ് സംഗീതത്തെ സങ്കീർണമാക്കുന്നത്. അദ്ദേഹം മികച്ച സംഗീതജ്ഞനാകുമായിരുന്നു പക്ഷേ പാതിയിൽ വഴിമാറിപ്പോകുകയായിരുന്നു.- ജയചന്ദ്രൻ വ്യക്തമാക്കി.

Advertisement