സഞ്ജയ് ഗാന്ധിയുടെ വേഷത്തില്‍ വിശാഖ് ഇനി ബോളിവുഡിലേക്ക്

Advertisement

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ വിശാഖ് ഇനി ബോളിവുഡിലേക്ക്. കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എമര്‍ജെന്‍സിയില്‍ താന്‍ അഭിനയിക്കുന്ന കാര്യം താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക.


റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ റണൗട്ട് എത്തുക. ചിത്രത്തില്‍ ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി.
എമര്‍ജന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുത്തന്‍പണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് വിശാഖിന്റെ പ്രധാനപ്പെട്ട സിനിമകള്‍. ഇതിനിടെ ഒരു ഹിന്ദി ആല്‍ബത്തിലും വിശാഖ് അഭിനയിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു വലിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

Advertisement