മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഭാവന ഉള്‍പ്പെടും. മാത്രമല്ല സ്ത്രീയുടെ കരുത്തിന്റെ പ്രതീകമായാണ് അവരെ യുവ തലമുറ കാണുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ് താരം.
മലയാളത്തില്‍ നിന്ന് ഒന്നുമാറിനിന്ന ഭാവന ഇനിവരുന്നത് ഒരു ഗംഭീര തിരിച്ചുവരവായിരിക്കും. ഷറഫുദ്ദീന്‍ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.
വിവാഹശേഷം ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന തിരിച്ചെത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണില്‍ ആയിരുന്നു ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.
ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഇതിന് പുറമെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.
അതേസമയം, തിരിച്ചുവരവിന്റെ ഭാഗമായി ഭാവന അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല പൊതുവേദികളിലും സജീവമാണ് ഭാവന. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് തന്റെ കുടുംബ ജീവിതത്തെ കുറിച്ചും സിനിമ കരിയറിനെ കുറിച്ചുമെല്ലാം താരം സംസാരിക്കുകയുണ്ടായി. അതിലാണ് ഒരിക്കല്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചും പിന്നീട് അതില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചും ഭാവന വിശദീകരിച്ചത്.
അത് ഒരു രസകരമായ സംഭവമാണ് എന്ന് പറഞ്ഞാണ് ഭാവന തുടങ്ങിയത്. തന്റെ പഴയ പ്രണയം വീട്ടില്‍ സമ്മതിക്കാതെ വന്നതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നാണ് ഭാവന പറഞ്ഞത്. ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ.
‘കുറേക്കാലം മുന്നേ എനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താല്‍പര്യമുണ്ടായില്ല. ഞാന്‍ അത് പറഞ്ഞപ്പോള്‍ രണ്ടു പേരും സമ്മതിക്കില്ല എന്ന് പറഞ്ഞു. എനിക്ക് ഒരു 20, 21 വയസ് പ്രായമുള്ളപ്പോള്‍ ആണ്. അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു അവരുടെ പ്രശ്നം,’
‘അപ്പോള്‍ എങ്ങനെ സമ്മതിപ്പിക്കും എന്നായി എന്റെ ചിന്ത. എന്നാല്‍ ഒന്ന് ആത്മഹത്യ ചെയ്ത് നോക്കിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഒക്കെയാണാലോ നമ്മള്‍ സിനിമകളില്‍ ഒക്കെ കാണുന്നെ. എന്നാലല്ലേ അച്ഛനും അമ്മയും ഒക്കെ പേടിക്കുകയും. കുഴപ്പമില്ല കല്യാണം കഴിച്ചോളൂ എന്നൊക്കെ പറഞ്ഞ് കല്യാണത്തിന് സമ്മതിക്കുമല്ലോ എന്നൊക്കെ വിചാരിച്ചു,’
‘പക്ഷെ എങ്ങനെ മരിക്കും എന്നായി പിന്നെ ചിന്ത. മരിക്കാനുള്ള പേടി വന്നു. അപ്പോള്‍ പിന്നെ ഞാന്‍ കരുതി കത്തി എടുത്ത് ഞരമ്ബ് മുറിക്കാം. അതാണലോ കൂടുതല്‍ കാണുന്നത്. അതിന് വേണ്ടി ഞാന്‍ അടുക്കളയിലേക്ക് പോയി. അപ്പോള്‍ അമ്മ അവിടെ കൂര്‍ക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. എനിക്കാണേല്‍ കൂര്‍ക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂര്‍ക്കാര്‍ക്ക് ഇഷ്ടമാണ്,’
‘കത്തി എടുക്കാന്‍ വന്ന ഞാന്‍ അമ്മയോട് എന്തിനാ കൂര്‍ക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാന്‍ ആണെന്ന്. അതോടെ എന്റെ മനസ് മാറി. എങ്കില്‍ നാളെ അത് കഴിച്ചിട്ട് ആവാം എന്ന് കരുതി. അങ്ങനെ കൂര്‍ക്ക എന്റെ ജീവന്‍ രക്ഷിച്ചു,’ ഭാവന ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്വാസം പിടിച്ചിരുന്ന ആരാധകര്‍ക്ക് ഒരു കൂട്ടച്ചിരി സമ്മാനിച്ചാണ് ഭാവന തന്റെ കഥ നിര്‍ത്തിയത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്. ഓഫ് സ്‌ക്രീനില്‍ പഴയ അതേ എനര്‍ജിയോടെ തിരിച്ചെത്തിയ ഭാവന ഓണ്‍ സ്‌ക്രീനിലും അതേ എനര്‍ജി ആരാധകര്‍ക്ക് സമ്മാനിക്കുമെന്നാണ് വിശ്വാസം. ചിത്രീകരണം പൂര്‍ത്തിയാക്കിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.