‘പൊന്നിയിൻ സെൽവൻ’ ആദ്യ ദിനം നേടിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ, ഔദ്യോ​ഗിക കണക്കുകൾ ഇതാ

Advertisement

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ‘പൊന്നിയിൻ സെൽവൻ’ ആദ്യ ഭാഗം പ്രദർശനത്തിന് എത്തിയത്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. പൊന്നിയിൻ സെൽവന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എൺപത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിർമാതാക്കൾ അറിയിച്ചിരിക്കുന്നു. ഒരു തമിഴ് സിനിമയ്‍ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങൾ. എന്തായാലും മണിരത്നം ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് വ്യക്തമാകുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രവി വർമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Advertisement