പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചെലവ് വെളിപ്പെടുത്തി സംവിധായകൻ

Advertisement

കൊച്ചി: താൻ സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞും ഇനിയും കാണാത്തവരെ തിയറ്ററുകളിലേക്ക് ക്ഷണിച്ചും സംവിധായകൻ വിനയൻ. ഈയിടെ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഇതരഭാഷാ ചിത്രങ്ങളുടെ സാങ്കേതിക നിലവാരം ഈ ചിത്രത്തിന് ഉണ്ടോയെന്ന് അറിയാൻ ചെറുപ്പക്കാർ ചിത്രം കാണണമെന്ന് വിനയൻ അഭ്യർഥിക്കുന്നു.

വിനയൻറെ കുറിപ്പ്

ഇന്നലെയും എറണാകുളം ലുലു മാൾ ഉൾപ്പടെ കേരളത്തിലെ നിരവധി തിയറ്ററുകളിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ.. വലിയ താരമൂല്യമൊന്നും ഇല്ലാതിരുന്ന യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയണമെന്ന് തോന്നി. നന്ദി. നന്ദി. ഇപ്പോൾ ഒരു മാസത്തോട് അടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമ്മിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യൂവിലൂടെയും തിയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നു..

ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജെൻ ചെറുപ്പക്കാരുണ്ടങ്കിൽ അവരോടു പറയട്ടെ, നിങ്ങൾ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്ഷൻ രംഗങ്ങളുടെ പെർഫക്ഷനും പത്തൊൻപതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണം.. നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിൻെറ അടുത്തു പോലും പത്തൊൻപതാം നൂറ്റാണ്ടിൻെറ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്.. മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആർട്ടിസ്റ്റുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചർച്ച ചെയ്യപ്പെടുമ്പോൾ അതു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു..

എന്നോടൊപ്പം സഹകരിച്ച മുഴുവൻ ക്രൂവിനും വിശിഷ്യ നിർമ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ… ഇതിലും ശക്തവും ടെക്നിക്കൽ പെർഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാൻ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണം… സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും മീഡിയകൾക്കും ഒരിക്കൽ കൂടി നന്ദി..

Advertisement