ശ്രീദേവിയുടെ സാരികള്‍ ലേലത്തിന്

Advertisement

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. 2012ലിറങ്ങിയ ചിത്രം വന്‍ വിജയം നേടുകയും ചെയ്തു.

ചിത്രത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചിത്രത്തില്‍ ശ്രീദേവി അണിഞ്ഞിരുന്ന സിഗ്നേച്ചര്‍ സാരികള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകയായ ഗൗരി ഷിന്‍ഡെ.

2012 ഒക്ടോബര്‍ 5നാണ് ചിത്രം റിലീസ് ചെയ്തത്. ഒക്ടോബര്‍ 10ന് പ്രത്യേക ചടങ്ങിലാണ് സാരികള്‍ ലേലത്തിന് വയ്ക്കുക. ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും അന്നുണ്ടാവും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി, ഗൗരിയുടെ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണ് ലേലത്തുക നല്‍കുന്നത്.

ലേലത്തിന് വേണ്ടി താനേറെ നാളുകളായി സാരികള്‍ സൂക്ഷിച്ച്‌ വച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് പറ്റിയ സമയമെന്ന് മനസ്സിലാക്കിയാണ് ലേലം സംഘടിപ്പിക്കുന്നതെന്നും ഗൗരി ഷിന്‍ഡെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏറെ ജനശ്രദ്ധ നേടിയ ചിത്രവും കഥാപാത്രവുമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷും അതില്‍ ശ്രീദേവി അവതരിപ്പിച്ച ശശി എന്ന കഥാപാത്രവും. സബ്യസാചി മുഖര്‍ജിയായിരുന്നു ചിത്രത്തില്‍ ശ്രീദേവിയുടെ കോസ്റ്റിയൂം ഡിസൈനര്‍.

ശ്രീദേവിയുടെ സാരികള്‍ ലേലത്തിന്

Advertisement