അവതാരക, അഭിനേത്രി, വ്‌ലോഗർ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് പേളി മാണി.
കൈവെച്ച എല്ലാ മേഖലയിലും മികവ് കാണിക്കാൻ പേളിക്ക് ആയിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെയാണ് പേളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.
പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഭർത്താവ് ശ്രീനീഷും മകൾ നിലയും. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി.
അജിത് നായകനായ വാലിമൈയിൽ ആണ് പേളി അവസാനമായി അഭിനയിച്ചത്
ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇവർ. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഇവർക്ക് കൈനിറയെ ആരാധകരുണ്ട് ഇപ്പോൾ. പേളിയേയും ശ്രീനിയേയും പോലെ മകൾ നിലയും സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ്. സന്തോഷകരമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്നതിന് ഇടയിലും സിനിമയിലും പേളി അഭിനയിച്ചിരുന്നു.
അജിത് നായകനായ വാലിമൈയിൽ ആണ് പേളി അവസാനമായി അഭിനയിച്ചത്. ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും ശ്രദ്ധനേടാൻ പേളിക്ക് കഴിഞ്ഞിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പേളി ഇപ്പോൾ. ബിഹൈൻഡ്വുഡ്‌സ് ചാനലിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അജിത്തിനൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ പേളി പങ്കുവച്ചത്. പേളിയുടെ വാക്കുകൾ വായിക്കാം തുടർന്ന്.
സിംഹമൊക്കെ കയറി വരുന്ന പോലെ അജിത് സാർ കയറി വന്നു
‘സിനിമയിലെ എന്റെ ആദ്യ സീൻ തന്നെ അജിത് സാറിന് ഒപ്പമായിരുന്നു. ലൈവ് റെക്കോർഡിങ് ആയിരുന്നു ഒരു മുഴുനീള തമിഴ് ഡയലോഗ് ഒക്കെ തന്നിട്ട് എന്നോട് പറയാൻ പറഞ്ഞു. മേക്കപ്പ് റൂമിലൊക്കെ ഇരുന്ന് ഞാൻ പഠിച്ചു. എനിക്ക് ഒപ്പം ചൈത്ര റെഡ്ഢിയും ഉണ്ട്. ഞങ്ങൾ ഒന്നിച്ചാണ് സീനിൽ. രണ്ടുപേരും ആദ്യമായി അജിത്തിനെ കാണുന്നതിന്റെ എക്സൈറ്റ്മെന്റിലാണ്,’
‘അങ്ങനെയിരിക്കെ ഒരു സിംഹമൊക്കെ കയറി വരുന്ന പോലെ അജിത് സാർ കയറി വന്നു. ആ റൂം മുഴുവൻ നിശബ്ദമായി. പ്രൊഡക്ഷനിലെ ലൈറ്റ് ബോയ് ഉൾപ്പെടെ എല്ലാവരുടെയും തോളിൽ തട്ടി എല്ലാവരോടും ഒരുപോലെ ഇടപഴകി ആണ് കയറി വരുന്നത്. പിന്നെ ഞങ്ങളുടെ അടുത്തെത്തി പേര് ചോദിച്ചു. രണ്ടാം ദിവസം ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഞങ്ങളുടെ പേര് മറന്നിരുന്നില്ല എന്നതാണ് പ്രധാന കാര്യം,’
നമുക്ക് ഇരിക്കാൻ കസേരയിലെങ്കിൽ അദ്ദേഹവും ഇരിക്കില്ല
‘വളരെ ഡൗൺ ടു എർത്ത് ആയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്പെഷ്യൽ ഫിൽട്ടർ കോഫി ഞങ്ങൾക്ക് ഉൾപ്പെടെ തരുമായിരുന്നു. അദ്ദേഹം കുടിക്കാനായി അസിസ്റ്റിനോട് പറഞ്ഞു വിടുമ്പോൾ ആർക്കെങ്കിലും വേണമോ എന്ന് ചോദിക്കും. അദ്ദേഹം ചോദിക്കുമ്പോൾ വേണ്ടന്ന് പറയാൻ ഒക്കെ തോന്നും പക്ഷെ വേണം എന്നാണ് വരുകയുള്ളു. അതൊക്കെ നല്ല ഓർമകളാണ്,’
‘അതുപോലെ നമുക്ക് ഇരിക്കാൻ കസേരയിലെങ്കിൽ അദ്ദേഹവും ഇരിക്കില്ല. സ്ത്രീകൾക്ക് എല്ലാവർക്കും ഇരിക്കാൻ സീറ്റുണ്ടെങ്കിലേ അദ്ദേഹം ഇരിക്കുകയുള്ളു. അദ്ദേഹം നിന്നിട്ട് ഞങ്ങളെ ഇരുത്തിയിട്ടുണ്ട്. അതുപോലെ ഷോട്ടിനിടയിൽ കാരവാനിൽ പോയിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം അവിടെ സ്റ്റെപ്പിലോ ഒക്കെ ഇരുന്ന് ഫോൺ നോക്കാറാണ് പതിവ്. എപ്പോഴും വളരെ റിലാക്സ്ഡ് ആണ്. നമ്മളിൽ ഒരാളായി തോന്നും,’ പേളി പറഞ്ഞു.