ഐശ്വര്യയുടെ മകൾക്കൊപ്പം സുഹാസിനി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Advertisement

ഐശ്വര്യ റായ് ഒരു പ്രധാന കഥാപാത്രമായെത്തുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ചരിത്ര വിജയമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഐശ്വര്യ റായി, വിക്രം, കാർത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ ഈ മണിരത്നം ചിത്രത്തിൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നന്ദിനി എന്ന രാജകുമാരിയായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്.

പൊന്നിയിൻ സെൽവൻ താരങ്ങൾക്കൊപ്പം സ്പെഷൽ ഷോ കണ്ടിറങ്ങുന്ന ഐശ്വര്യയുടേയും മകൾ ആരാധ്യയുടേയും വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. അമ്മയുടെ അരികിലായി സദാസമയവും ആരാധ്യയുമുണ്ടായിരുന്നു വിഡിയോയിൽ.പിന്നീട് സുഹാസിനി ആരാധ്യയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവച്ചിരുന്നു. ‘ഞങ്ങളുടെ പഴുവൂർ റാണിയും ഇളവരശിയും’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരും ഏറ്റെടുത്തു. സുഹാസിനി നൽകിയ അടിക്കുറിപ്പ് വളരെ ശരിയാണെന്നും സുന്ദരമായ ചിത്രമാണിതെന്നും ആരാധകർ കുറിച്ചു. ആരാധ്യ അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണെന്നും, എന്ത് ക്യൂട്ട് ചിത്രമാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

ഐശ്വര്യയുടെ ഈ കുഞ്ഞുരാജകുമാരി ബോളിവുഡിലെ ഒരു കുട്ടിത്താരമാണ്. ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. ഐശ്വര്യയും അഭിഷേകും മുത്തച്ഛൻ അമിതാബ് ബച്ചനുമൊക്കെ ആരാധ്യയുടെ വിശേഷങ്ങളൊക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യാറുണ്ട്. ഐശ്വര്യയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന് താഴെയും ആരാധകരുടെ ഇഷ്ടം കൊണ്ട് നിറയുകയാണ്.