പഥേർ പാഞ്ചാലി ഏറ്റവും മികച്ച ഇന്ത്യൻ സിനിമ, അടൂരിന്റെ എലിപ്പത്തായവും പട്ടികയിൽ

Advertisement

വിഖ്യാത സംവിധായകൻ സത്യജിത്ത് റായുടെ പഥേർ പാഞ്ചാലിയെ ഇന്ത്യൻ സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രമായി തെരഞ്ഞെടുത്ത് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകളിൽ പഥേർ പാഞ്ചാലി ഒന്നാമതാവുകയായിരുന്നു. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും പട്ടികയിൽ ഇടംനേടി.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റർ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു മികച്ച ചിത്രത്തെ തെരഞ്ഞെടുത്തത്. രഹസ്യമായിട്ടായിരുന്നു വോട്ടെടുപ്പ് നടത്തിയതെന്നും അവർ വ്യക്തമാക്കി.

1955ലാണ് പഥേർ പാഞ്ചാലി റിലീസ് ചെയ്തത്. സത്യജിത്ത് റായുടെ ആദ്യത്തെ സിനിമയായിരുന്നു. 1929ൽ ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ അതേ പേരിലുള്ള ബംഗാളി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമ ദാസ്ഗുപ്ത, പിൻകി സെൻഗുപ്ത, ചുനിബല ദേവി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

നാലാം സ്ഥാനത്താണ് അടൂരിന്റെ എലിപ്പത്തായം സ്ഥാനം നേടിയത്. 1981ലാണ് ചിത്രം റിലീസ് ചെയ്തത്. ഋത്വിക് ഘടകയുടെ 1960ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം മേഘെ ധാക താര, മൃണാൾ സെന്നിന്റെ ഭുവൻ ഷോം, ഗിരീഷ് കസരവല്ലിയുടെ ഘടശ്രദ്ധ, എംഎസ് സത്യുവിന്റെ ഗരം ഹവ, സത്യജിത്ത് റായുടെ ചാരുലത, ശ്യാം ബെനെഹലിന്റെ അൻകുർ, ഗുരു ദത്തിന്റെ പ്യാസ, രമേഷ് സിപ്പിയുടെ സൂപ്പർഹിറ്റ് പടം ഷോലെ എന്നിവയും പട്ടികയിൽ ഇടംനേടി.

Advertisement