കൊച്ചി: മലയാളത്തിൽ ഇന്ന് ഏറ്റവും പ്രശസ്തിയാർജിച്ച റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. മറുഭാഷകളിൽ ബിഗ് ബോസ് തരംഗം സൃഷ്ടിച്ചപ്പോഴും കുറച്ച് വൈകിയാണ് മലയാളത്തിൽ ഷോ ജനപ്രിയമായി തുടങ്ങിയത്.
കണ്ട് പരിചയമില്ലാത്ത ഷോയെന്ന നിലയിൽ ബിഗ് ബോസിന്റെ ആദ്യ സീസണിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.
എന്നാൽ രണ്ടാമത്തെ സീസൺ മുതൽ ബിഗ് ബോസ് ജനപ്രീതി നേടാൻ തുടങ്ങി. ഇപ്പോൾ ഓരോ സീസൺ കഴിയുന്തോറും ബിഗ് ബോസിന് പ്രേക്ഷകരുടെ എണ്ണം കൂടുകയാണ്. മൂന്നും നാലും സീസണുകളിൽ പങ്കെടുത്തവർ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയം ആയി. ചിലർ ആഘോഷിക്കപ്പെട്ടപ്പോൾ ചിലർ സൈബർ ആക്രമണങ്ങൾക്കിരയായി.
കുറച്ച് നാളുകൾ മാത്രമേ തെസ്നി ഖാൻ ബിഗ് ബോസിൽ ഉണ്ടായിരുന്നുള്ളൂ
ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി നടി തെസ്നി ഖാനും എത്തിയിരുന്നു. കുറച്ച് നാളുകൾ മാത്രമേ തെസ്നി ഖാൻ ബിഗ് ബോസിൽ ഉണ്ടായിരുന്നുള്ളൂ. ബിഗ് ബോസിലേക്കെത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് തെസ്നി ഖാൻ. ബിഗ് ബോസിൽ കുറച്ച് നാളുകൾ കൂടി നിൽക്കാൻ ആഗ്രഹിച്ചിരുന്നെന്നാണ് തെസ്നി പറയുന്നത്.
അങ്ങനെ ഒരു അവസരം വന്നാൽ ആരായാലും പോവണം
‘ബിഗ് ബോസിലേക്ക് പോവുമ്പോൾ ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ഓഫർ വന്നപ്പോൾ പോവാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു അവസരം വന്നാൽ ആരായാലും പോവണം. ഒരുപാട് കാര്യങ്ങൾ പഠിക്കാം. പല പല സ്വഭാവങ്ങളുള്ളവരുടെ ഇടയിലാണ് നമ്മൾ. ഫോണില്ല, ടിവിയില്ല, പത്രമില്ല, സമയം അറിയില്ല. തുച്ഛമായ ഭക്ഷണം മാത്രം’
‘ലാലേട്ടൻ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം. വെള്ളിയാഴ്ച ദിവസം ചിലപ്പോൾ ഒരു മുട്ട മാത്രമേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ’
എല്ലാവരും നല്ല പരിചയക്കാർ ആയിപ്പോയി
‘പുറത്തായപ്പോൾ കുറച്ച് നാൾ കൂടി നിൽക്കേണ്ടിയിരുന്നു എന്ന് തോന്നി. ഒരു പോരായ്മ എനിക്ക് തോന്നി. ബിഗ് ബോസിൽ സാധാരണ പല കാറ്റഗറിയിൽ നിന്നുള്ളവരാണ് വേണ്ടത്. ഞങ്ങളൊരു കോമഡി ഷോയ്ക്കുള്ള പോലെ കുറേ പേർ ഉണ്ടായിരുന്നു. പാഷാണം ഷാജി, ആര്യ, വീണ അങ്ങനെ. എല്ലാവരും നല്ല പരിചയക്കാർ ആയിപ്പോയി. അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു’
‘പക്ഷെ എല്ലാവരെയും മനസ്സിലാക്കാൻ പറ്റി.
ഞാൻ അവിടെ പ്രശ്നങ്ങളിലേക്ക് പോയില്ല. ഞാനിറങ്ങിയ ശേഷമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്,’ തെസ്നി ഖാൻ പറഞ്ഞു.
അതിനാൽ വിജയി ഉണ്ടായിരുന്നില്ല
കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് വെച്ച് നിർത്തിയതായിരുന്നു ബിഗ് ബോസ് സീസൺ 2. അതിനാൽ വിജയി ഉണ്ടായിരുന്നില്ല. 2020 ജനുവരി അഞ്ച് മുതൽ 2020 മാർച്ച് വരെ മാത്രമാണ് ഷോ സംപ്രേഷണം ചെയ്തത്. 74 ദിവസം ഷോ സംപ്രേഷണം ചെയ്തിരുന്നു.
ബിഗ് ബോസിന്റെ നാലാം സീസണാണ് മുൻ സീസണുകളേക്കാൾ മികച്ച് നിന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് നാലാം സീസൺ തുടക്കമിട്ടു. ഡാൻസർ ആയ ദിൽഷയാണ് നാലാം സീസണിലെ വിജയി.