മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും മികച്ച വാഹന കളക്ഷനുകളുടെ ഉടമയാണ് നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ്. ലംബോർഗിനിയുടെ സൂപ്പർ എസ്.യു.വി ഉറൂസിനുപിന്നാലെ ബെൻസ് ജി 63 എ.എം.ജി എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് നടൻ.
മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്.യു.വിയായ ജി 63 എ.എം.ജി ദുബായ് ഷെയ്ഖുമാരുടെ പ്രിയ വാഹനം കൂടിയാണ്. എമറാൾഡ് മെറ്റാലിക് ഗ്രീൻ നിറമുള്ള എസ്.യു.വി കേരളത്തിലെ മുൻനിര പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് താരം വാങ്ങിയത്. ലംബോർഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്.
ഏറ്റവുമധികം സ്‌പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്ന് റോയൽ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. പുതിയ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം നാല് കോടി രൂപവരും. 2021 ജനുവരിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് റോയൽ ഡ്രൈവിലൂടെ പൃഥ്വിരാജിന്റെ ഗ്യാരേജിൽ എത്തിയത്. റേഞ്ച് റോവർ വോഗ്, ബി.എം.ഡബ്ല്യു 7 സീരീസ്, പോർഷെ കെയ്ൻ, മിനി കൂപ്പർ തുടങ്ങിയ വാഹനങ്ങളെല്ലാം പൃഥിരാജിന്റെ ഗ്യാരേജിലുണ്ട്.
സവിശേഷതകൾ
മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റർ വി8 ബൈ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. 3982 സി.സിയിൽ 576 ബി.എച്ച്.പി.പവറും 850 എൻ.എം. ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കും.
ഓഫ് റോഡ് ഡ്രൈവിലും സുഖകരമായ ഇരിപ്പ് നൽകുന്ന സീറ്റിംഗ് സംവിധാനവും 22 ഇഞ്ച് അലോയ് വീൽസും നൈറ്റ് പാക്കേജസും ഈ എസ്.യു.വിയെ ആകർഷകമാക്കുന്നു. മസാജ് ഫങ്ഷൻ സീറ്റുകൾ, ഡ്രൈവർ അസിസ്റ്റന്റ് പാക്കേജ്, ആക്ടീവ് ഡിസ്‌ട്രോണിക് സിസ്റ്റം, അകത്തുള്ളവർക്ക് സ്‌ട്രെസ് റിലീസ് തരുന്ന എനർജൈസിംഗ് സംവിധാനം തുടങ്ങി സവിശേഷതകൾ നിരവധി.
ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഫ്രണ്ട് സീറ്റ്, മനോഹരമായ ഇന്റീരിയർ ലൈറ്റുകൾ, കീ ലെസ് ഗോ സ്റ്റാർട്ടിംഗ് ഫങ്ഷൻ, തെർമോട്രോണിക് ഓട്ടോമെറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങി സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകുന്ന നിരവധി സ്‌പെക്കുകളാണ് മെഴ്‌സിഡസ്-എഎംജി ജി63ൽ സജ്ജീകരിച്ചിട്ടുള്ളത്.