കൊച്ചി: തെന്നിന്ത്യൻ താരം കനിഹയെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘പെർഫ്യൂം’ റിലീസിനൊരുങ്ങുന്നു നവംബർ 18 നാണ് പ്രദർശനത്തിനെത്തുന്നത്. കനിഹയെ കൂടാതെ പ്രതാപ് പോത്തൻ, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെർഫ്യൂമിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരത്തിൻറെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിൻറെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിൻറെ പൊട്ടിത്തെറികളുമൊക്കെ പെർഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകൻ ഹരിദാസ് പറഞ്ഞു. കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത് .
മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റേയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ. ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി.കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് .
രചന- കെ പി സുനിൽ, ക്യാമറ- സജെത്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആർട്ട്- രാജേഷ് കല്പത്തൂർ, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെൽ, മേക്കപ്പ്-പാണ്ഡ്യൻ, സ്റ്റിൽസ്- വിദ്യാസാഗർ, പി ആർ ഒ – പി ആർ സുമേരൻ, പോസ്റ്റർ ഡിസൈൻ- മനോജ് ഡിസൈൻ എന്നിവരാണ് അണിയറ പ്രവർത്തകർ.