മുംബൈ: വിവാഹം കഴിക്കുന്നതിന് മുമ്പ് നടൻ അമിതാഭ് ബച്ചൻ മുന്നോട്ടുവെച്ച നിബന്ധനകളെക്കുറിച്ച് വിശദീകരിച്ച് ജയ ബച്ചൻ.
പോഡ്കാസ്റ്റിലൂടെ കൊച്ചുമകളോട് സംസാരിക്കവെയാണ് ജയ ബച്ചൻ വെളിപ്പെടുത്തൽ നടത്തിയത്.
ഒക്ടോബറിൽ വിവാഹം കഴിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് ജയ ബച്ചൻ കൊച്ചുമകളോട് പറഞ്ഞു. അപ്പോഴേക്കും ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാകും എന്ന ഉദ്ദേശ്യത്തിലായിരുന്നു ഒക്ടോബറിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആ സമയത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ഒൻപതു മുതൽ അഞ്ച് വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ തനിക്ക് വേണ്ടെന്ന് ഷോലെ നടൻ പറഞ്ഞിരുന്നു. എല്ലാ ദിവസവും പണിയെടുക്കുന്ന ഭാര്യയെ വേണ്ടെന്നും സിനിമാ പ്രോജക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അത്യധികം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞതായി ജയ ബച്ചൻ വെളിപ്പെടുത്തി.
ജോലിയെടുക്കുന്നത് ശരിയായ ആളുകളുടെ ഒപ്പമല്ലേയെന്ന കാര്യത്തിലും ബച്ചന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെ ഒക്ടബോറിൽ വിവാഹം കഴിക്കാനിരുന്ന പ്രണയിതാക്കൾക്ക് ജൂണിൽ വിവാഹിതരാകേണ്ടി വന്നു. അതിന് പിന്നിലും ഒരു കാരണമുണ്ട്. സഞ്ജീർ എന്ന ചിത്രം വൻ ഹിറ്റായതോടെ അത് ആഘോഷിക്കുന്നതിനായി വിദേശത്ത് പോകാൻ രണ്ട് പേരും തീരുമാനിച്ചു. പക്ഷെ വിദേശത്തേക്ക് ഒരുമിച്ച് ട്രിപ്പ് പോകണമെങ്കിൽ അതിന് മുമ്പ് കല്യാണം കഴിച്ചിരിക്കണമെന്ന് ബിഗ് ബിയുടെ മാതാപിതാക്കൾ ശാഠ്യം പിടച്ചു. അതുകൊണ്ട് കല്യാണം നേരത്തെ നടത്തേണ്ടി വന്നുവെന്നും ജയ ബച്ചൻ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
മുംബൈയിൽ ജയയുടെ അമ്മവീട്ടിലായിരുന്നു വിവാഹം നടന്നത്. അങ്ങനെ 1973 ജൂൺ മൂന്നിന് പ്രണയജോഡികളായിരുന്ന ജയയും ബച്ചനും താരദമ്പതികളായി മാറി. അടുത്ത വർഷം ജൂണിൽ 50-ാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ബോഡിവുഡ് ദമ്പതികൾ.