മലയാളത്തിൻറെ യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബന് ഇന്ന് ജന്മദിനം.സിനിമ ലോകവും, ആരാധകരും താരത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു.
1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഒരു രാജമല്ലി കോറിയിട്ട് ആ ചോക്ലേറ്റ് ഹീറോ നടന്നുകയറി .അതെ, കാലമെത്ര കഴിഞ്ഞിട്ടും വേഷപ്പകർച്ചകൾ അനവധി കെട്ടിയാടിയിട്ടും മലയാളത്തിനിന്നും ചോക്ലേറ്റ് ഹീറോ ചക്കോച്ചനാണ്.
പിന്നീടങ്ങോട്ട് ചാക്കോച്ചൻ കാലമായിരുന്നു. കേരളത്തിലെ ക്യാമ്പസ്സുകളും പെൺകുട്ടികളും ചാക്കോച്ചനെ ചങ്കിലേറ്റി. മലയാളത്തിന്റെ റൊമാന്റിക് ഹീറോയെ തേടി ആലപ്പുഴയിലെ തറവാട് വീട്ടിലേക്ക് പ്രേമലേഖനങ്ങൾ ഒഴുകിയെത്തി. കാമുകനിൽ നിന്ന് ഒരിടവേളക്ക് ശേഷം മികച്ച കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകരിലേക്കെത്തിച്ചു.
പ്രേം പൂജാരിയിലെ പ്രേം ജേക്കബ് , നിറത്തിലെ എബി, പ്രിയത്തിലെ ബെന്നി, സത്യം ശിവം സുന്ദരത്തിലെ ചന്ദ്രഹാസൻ, കസ്തൂരിമാനിലെ സാജൻ ജോസഫ് ആലുക്ക, സ്വപ്നകൂടിലെ ദീപു, ട്രാഫിക്കിലെ ഡോക്ടർ എബി ജോൺ, ഓർഡിനറിയിലെ ഗവി കണ്ടക്ടർ ഇരവിയും, റൊമാൻസിലെ ഫാദർ പോളും, ഹൗ ഓൾഡ് ആർ യുവിലെ രാജീവും, ജമ്‌നാപ്യാരിയിലെ തൃശ്ശൂക്കാരൻ ഗഡി വാസൂട്ടാനും, വേട്ടയിലെ കണ്ണുകളിൽ തീ എരിയുന്ന മെൽവിനും ടേക്ക് ഓഫീലെ ഷഹീദും, വൈറസിലെ ഡോക്ടറും, നായാട്ടിലെ പ്രവീണും, ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ സാധാരണക്കാരന്റെ ശബ്ദം രാജീവനും ഏറ്റവും ഒടുവിൽ ഒറ്റിലെ കിച്ചുവുമായി മലയാളത്തിന്റെ ചാക്കോച്ചൻ എക്കാലവും പ്രേക്ഷക ഹൃദയത്തിൽ തന്റെ വേഷപ്പകർച്ചകൾ കൊണ്ട് കാലത്തെ അതിജീവിക്കുകയാണ്.