മലയാളികളെ ത്രസിപ്പിക്കാൻ സ്ഫടികം വീണ്ടും വരുന്നു

Advertisement

കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലമായി ഭദ്രനെ കാണുന്നവർക്കൊക്കെ ചോദിക്കാനും പറയാനുമുണ്ടായിരുന്നത് തന്റെ മാസ്റ്റർപീസെന്ന് പ്രേക്ഷകർ വിധിയെഴുതിയ ‘സ്ഫടിക’ത്തിന്റെ കഥകൾ മാത്രം. ഇക്കണ്ട കാലമത്രയും മറ്റു ചില ചോദ്യങ്ങൾക്ക് കൂടി ഭദ്രന് നിരന്തരം മറുപടി പറയേണ്ടിവന്നു. ആദ്യമൊക്കെ ഇനി എന്നാണ് ‘സ്ഫടിക’ത്തിന് ഒരു രണ്ടാം ഭാഗം എന്നായിരുന്നു. ഇപ്പോഴത് ‘സ്ഫടികം’ റീമേക്ക് ചെയ്യുന്നുണ്ടോ എന്നായിരുന്നു. എല്ലാറ്റിനും വ്യക്തമായ ഉത്തരമുണ്ട് ഭദ്രന്റെ കൈയിൽ. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിന്റെ, മോഹൻലാലിന്റെയും തിലകന്റെയും അഭിനയജീവിതത്തിന്റെ നാഴികകല്ലായ കഥാപത്രങ്ങൾ സംഭാവന ചെയ്ത ‘സ്ഫടികം’ 4 കെ വിന്യാസത്തോടെ തിയേറ്ററുകളിൽ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ മനസ്സുതുറക്കുകയാണ് സംവിധായകൻ.

വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തിക്കും. മിക്കവാറും ജനുവരിയിലായിരിക്കും റിലീസ്. മിക്സിങ്ങും മറ്റും കഴിഞ്ഞു. മറ്റു ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭദ്രൻ കൂടി ഇൾപ്പെട്ട ജിയോമെട്രിക്‌സ് എന്ന കമ്പനിയാണ് പത്ത് മടങ്ങ് ക്വാളിറ്റിയിലും മികച്ച സാങ്കേതിക മികവിലും ചിത്രം തിയേറ്ററിലെത്തിക്കുന്നത്. 4 ഫ്രെയിംസ് സൗണ്ട് കമ്പനിയിൽ അതിന്റെ 4കെ അറ്റ്‌മോസ് മിക്‌സിങ്ങും പുതിയ ഷോട്ടുകളുമെല്ലാം ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴും ആളുകൾ ആ സിനിമയെയും അതിലെ കഥാപാത്രങ്ങളെയും അത്രമേൽ ഹൃദയത്തോടെ ചേർത്ത് വയ്ക്കുന്നു. ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഭദ്രൻ എന്ന സംവിധായകന്റെ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘സ്ഫടികം’. ടിവിയിൽ വരുമ്പോഴെല്ലാം ‘സ്ഫടികം’ ആവർത്തിച്ച് കാണുന്ന പ്രേക്ഷകരുണ്ട്. നാൽപ്പത് വട്ടമോ നാനൂറ് വട്ടമോ കണ്ടവരുണ്ടാകും. അവർക്കെല്ലാം ഒരു പുതിയ അനുഭവമായിരിക്കും. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. ഭദ്രൻ പറയുന്നു.

‘സ്ഫടിക’ത്തിൽ അഭിനയിച്ച പതിനാല് പേർ ഇന്ന് ജീവിച്ചിരിപ്പില്ല. തിലകൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, സിൽക്ക് സ്മിത, കരമന ജനാർദ്ദനൻ നായർ, രാജൻ പി ദേവ് അങ്ങനെ പലരും ഇന്നില്ല.

‘സ്ഫടിക’ത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാൻ തനിക്ക് കഴിയില്ല. തനിക്കെന്നല്ല ആർക്കും. ഭദ്രൻ വ്യക്തമാക്കി. ആടുതോമയും ചാക്കോ മാഷും ഇനി ആവർത്തിക്കപ്പെട്ടാൽ ശരിയാകില്ല. അതൊരിക്കലും പ്രേക്ഷകർ സ്വീകരിക്കുകയുമില്ല. ‘സ്ഫടികം’ 27 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതാണ്. അത് കാലം തെറ്റി ഇറങ്ങിയ സിനിമയല്ല. കാലാതീതമായ സിനിമ. ആടുതോമയുടെ ഹാങ് ഓവർ ബാധിച്ചതുകൊണ്ട് പറയുന്നതല്ല. ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമയിലേക്ക് സഞ്ചരിക്കുന്ന ഒരാളാണ് താൻ. ‘സ്ഫടിക’ത്തിന്റെ വിജയം ഒരു ഫിലിം മേക്കർ എന്ന നിലയിൽ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാൻ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയിൽ കുടുങ്ങി കിടക്കരുത് എന്നാണ് തന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. ‘സ്ഫടിക’ത്തിൽ തന്റെ ജീവിതമുണ്ട്. മാതാപിതാക്കളുണ്ട്. ഒരുകാലത്ത് തന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീർന്നു.

ചെകുത്താനിൽനിന്ന് തിളങ്ങുന്ന ‘സ്ഫടിക’ത്തിലേക്കുള്ള ഒരു വ്യക്തിയുടെ മാറ്റമാണ് ആ സിനിമ. ആടുതോമയേക്കാൾ ‘സ്ഫടിക’ത്തിന്റെ കഥ ചാക്കോ മാസ്റ്ററെ ചുറ്റിപ്പറ്റിയാണ്. തന്റെ സ്വപ്നങ്ങളെ മക്കളുടെ തലയിൽ കെട്ടിവയ്ക്കുന്ന പിതാവ്. ഒടുവിൽ മകൻ ചാക്കോ മാഷിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി തീർന്നപ്പോൾ അയാളെ അതികഠിനമായി ശിക്ഷിക്കുന്നു. റിബലായ ആടു തോമയുടെ പിറവിയ്ക്ക് നിമിത്തമാകുന്നതും അയാൾ തികഞ്ഞ ധിക്കരിയും തന്നിഷ്ടക്കാരനുമെല്ലാം ആകുന്നതിന് കാരണം ചാക്കോ മാഷാണ്. ആടു തോമയ്ക്ക് മുന്നിൽ ഒരു നല്ല പിതാവിന്റെ ലക്ഷണമൊന്നും ചാക്കോ മാഷിന് ഇല്ലായിരുന്നു. എന്നാൾ പ്രതീക്ഷകൾക്കൊപ്പം അയാൾ വളർത്തിയെടുത്ത മകൾക്ക് മുന്നിൽ അയാൾക്ക് വേറൊരു മുഖമായിരുന്നു. ഏറ്റവും ഒടുവിലാണ് ചാക്കോ മാഷിനാണ് തിരിച്ചറിവ് ഉണ്ടാകുന്നത്.

കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കൾ എന്നോട് മറ്റുള്ള പയ്യൻമാരെ കണ്ടു പഠിക്കാൻ ഉപദേശിച്ചിട്ടുണ്ട്. വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്ത വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്. തന്റെ മേഖല സിനിമയാണെന്ന് അറിയാമായിരുന്നു. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. നമ്മുടെ കാഴ്ചപ്പാടുകളാണ് നമ്മെ വളർത്തുന്നത്. അതിന് തുടക്കം കുറിയ്ക്കുന്നത് അദ്ധ്യാപകരും മാതാപിതാക്കളും ഒക്കെയാണ്.

തിലകൻ ചേട്ടനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രിയാണ് ‘സ്ഫടിക’ത്തിന്റെ വിജയം. അഭിനയം റിഫ്ളക്സ് ആക്ഷനാണ്. നമുക്കൊപ്പം അഭിനയിക്കുന്ന വ്യക്തിയുടെ പ്രകടനം നമ്മളെ ബാധിക്കും. തിലകൻ ചേട്ടനും മോഹൻലാലും അസാമാന്യ പ്രതിഭകളാണ്. അതുകൊണ്ടാണ് അവരുടെ കെമിസ്ട്രി നന്നായി മനസ്സിലാകുന്നത്. തനിക്ക് പകരം അപ്പൻ മുറ്റത്ത് കുഴിച്ചിട്ട പതിനെട്ടാം വട്ട തെങ്ങിന്റെ ചുവട്ടിൽനിന്ന് മണ്ണുവാരിയെടുത്ത് ആടുതോമ പറയുന്നുണ്ട്: ഇനി ഞാൻ വരും സെമിത്തേരിയിൽ നിങ്ങളുടെ കുഴിയിൽ മണ്ണിടാൻ. ആയിരം കുത്തുവാക്കുകളേക്കാൾ ശക്തിയുണ്ട് ആ ഒരൊറ്റ ഡയലോഗിന്. അതുപോലെ ഒരുപാട് വൈകാരികമായ രംഗങ്ങൾ ‘സ്ഫടിക’ത്തിലുണ്ട്. ഇനി അതൊന്നും പുനരവതരിപ്പിക്കാൻ കഴിയില്ല. തിലകൻ ചേട്ടനല്ലാതെ കടുവാ ചാക്കോ ആകാൻ ആർക്കും പറ്റില്ല. ഭദ്രൻ വ്യക്തമാക്കി.