മുംബൈ: താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് എന്തിനെന്ന് വെളിപ്പെടുത്തി ഐശ്വര്യറായ്. ‘പ്ലസ് ടു കാലത്തെ എന്റെ ഇംഗ്ലീഷ് ടീച്ചറിന് വേണ്ടിയാണ് ഞാൻ ആദ്യമായി ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. മോഡലിങ്ങിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ലാത്ത ആ കാലത്ത് അത് ചെയ്തത് അർബുദ ബാധിതയായ അവർക്ക് വേണ്ടിയായിരിന്നു,’ അഭിനേത്രിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്റെ വാക്കുകളാണിവ. ഒരിക്കൽ ‘ഫെമിന’ മാസികയുടെ വനിതാ ദിന പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തൻറെ മോഡലിങ്, സിനിമാ, സ്വകാര്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറന്നത്.
‘എന്റെ ലുക്ക്‌സ് കൊണ്ടാണ് ഞാനീ മേഖല തിരഞ്ഞെടുത്തത് എന്ന് പലരും കരുതുന്നുണ്ടാവാം. എന്നാൽ തീർത്തും ആകസ്മികമായാണ് ഞാൻ മോഡലിങ്ങിലേക്ക് എത്തുന്നത്. സയൻസ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ബിരുദത്തിനു മെഡിസിനോ ആർക്കിടെക്‌ചറോ എടുക്കുമായിരുന്നു. രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്‌ചറിൽ അഡ്മിഷനും കിട്ടിയിരുന്നു. അപ്പോഴാണ് ആദ്യ ഫോട്ടോ ഷൂട്ട് ചെയ്യുന്നത്, അവിടം മുതലാണ് ജീവിതം വഴി മാറി ഒഴുകിയത്,’ ഗ്ലാമർ ലോകത്തേക്കുള്ള തൻറെ ആദ്യ ചുവടു വയ്‌പിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
1992 മെയ് മാസമാണ് അവർ ആദ്യത്തെ പരസ്യം ചെയ്യുന്നത്. എന്നാൽ ‘സഞ്ജന പെപ്സി ആഡ്’ ആണ് ഐശ്വര്യയെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. പ്രഹ്ലാദ് കക്കർ സംവിധാനം ചെയ്ത ആ പരസ്യത്തിൽ ഐശ്വര്യയ്ക്കൊപ്പം ആമിർ ഖാൻ, മഹിമ ചൗധരി എന്നിവരും ഉണ്ടായിരുന്നു.
‘പ്രഹ്ലാദ് കക്കർ ഇന്നും പറയും. പൊടി പിടിച്ച ഒരു ഷർട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് അദ്ദേഹത്തിൻറെ ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച്. പക്ഷേ അപ്പോൾ മുതൽ തന്നെ ഞാൻ വളരെ പ്രൊഫഷണൽ ആയിരുന്നു. അന്നൊക്കെ മോഡൽസിന് ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് ഉള്ള കോട്രാക്റ്റ് ആണ്. ഒരു പ്രിന്റ് ഔട്ട് എടുത്തു തരും. ഞാനതിൽ കൈകൊണ്ടെഴുതി എനിക്ക് വേണ്ട ചില മാറ്റങ്ങളൊക്കെ വരുത്തും, എന്നിട്ട് പറയും എൻറെ വക്കീൽ എഴുതിയതാണ് എന്ന്.’
എല്ലാവരും കരുതുന്ന പോലെ ലോക സുന്ദരി പട്ടം കിട്ടിയതിനു ശേഷമല്ല തനിക്കു സിനിമ സാധ്യതകൾ തുറന്നത് എന്നും ഐശ്വര്യ ‘ഫെമിന’ അഭിമുഖത്തിൽ പറയുന്നു.
”രാജ ഹിന്ദുസ്ഥാനി’, ‘ദിൽ തോ പാഗൽ ഹൈ’ എന്നീ ചിത്രങ്ങൾക്കായി എന്നെ സമീപിച്ചിരുന്നു. പക്ഷേ മിസ് വേൾഡ് ആയതിനു ശേഷമാണ് മണിരത്നവും രാജീവ് മേനോനും അവരുടെ സിനിമാ ഓഫറുകൾ തരുന്നത്. മണിരത്നത്തിന്റെ വലിയ ആരാധികയാണ് ഞാൻ. അതു കൊണ്ടാണ് ‘ഇരുവർ’ തിരഞ്ഞെടുത്തത്. മണിയുമൊത്ത് ‘ഇരുവറി’ൻറെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ തന്നെ എൻറെ മനസ് പറഞ്ഞു തുടങ്ങിയിരുന്നു, ‘ഇതാണ് എൻറെ ഇടം’ എന്ന്.’
മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ നായകന്മാരായ മണിരത്നത്തിൻറെ ഐക്കോണിക്ക് ചിത്രം ‘ഇരുവറി’ലൂടെ സിനിമാ ജീവിതം ആരംഭിച്ച ഐശ്വര്യ വെളിപ്പെടുത്തി.
‘മണിരത്നത്തിൻറെ സിനിമയിലൂടെ തുടങ്ങുക എന്നത് ഒരു വലിയ കാര്യമാണ്. പെർഫെക്ട് ആയ ഒരു സ്കൂൾ ആണ് മണി. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘ഒരു ഷോട്ട് ഓകെ വയ്ക്കുന്നത് എങ്ങനെയാണ്? പലപ്പോഴും ഇത് ശരിയായോ എന്ന് അഭിനേതാക്കൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ അത് ഓകെ ആണ് എന്ന് പറയുന്നു, അതെങ്ങനെ?’.
അതിനദ്ദേഹം പറഞ്ഞ മറുപടി ഇതാണ്, ‘ഒരു ഷോട്ടിൽ എന്താണ് വേണ്ടത് എന്ന് എനിക്ക് തന്നെ പലപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്താണ് വേണ്ടാത്തത് എന്നറിയാം. നൈസർഗ്ഗികവും സ്വാഭാവികവുമായ അവതരണത്തിന്റെ ഒരു മാജിക് നമുക്ക് അനുഭവപ്പെടും, അപ്പോഴാണ് ഓകെ പറയുന്നത്.’
എന്താണ് വേണ്ടത് എന്ന് കൃത്യമായി പറയാതെ, തനിക്കു വേണ്ടതിലേക്ക് അഭിനേതാവിനെ സ്വന്തം അന്വേഷണം വഴി കൊണ്ടെത്തിക്കുന്നതാണ് മണിരത്നത്തിന്റെ മാജിക്. അഭിനേതാക്കളിൽ ആ അന്വേഷണത്തിന്റെ നാളം അണയാതെ സൂക്ഷിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട് എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഐശ്വര്യ നായികയായി എത്തിയ മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് താരമിപ്പോൾ.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അത്ര കണ്ടു സജീവമല്ലാത്ത ഐശ്വര്യ ഇപ്പോൾ കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. വർഷത്തിൽ ഒരു സിനിമ എന്ന നിലയ്ക്ക് ചില പ്രധാന ചിത്രങ്ങൾ ചെയ്യുന്നതൊഴിച്ചാൽ ഇപ്പോൾ ഐശ്വര്യയുടെ ജീവിതം മകൾ ആരാധ്യയെ ചുറ്റിപറ്റിയാണ്. മകളുടെ കാര്യങ്ങൾ എല്ലാം നോക്കുന്ന ഏതൊരു സാധാരണ അമ്മയേയും പോലെയാണ് താനുമെന്ന് അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞിരുന്നു.
‘ഞാൻ എപ്പോഴും അവളോട് ഒരു സാധാരണ അമ്മയായാണ് പെരുമാറിയിട്ടുള്ളത്. അവൾക്കൊപ്പം ഞാൻ എല്ലായിടത്തും പോകാറുണ്ട്. എന്നും ഞാൻ അവളുടെ സ്‌കൂളിൽ പോകാറുണ്ട്. പാർക്കിൽ, ക്ഷേത്രങ്ങളിൽ, സൂപ്പർമാർക്കറ്റിലൊക്കെ പോകാറുണ്ട്. ഞാൻ തിരക്കുകളെ അറിഞ്ഞു തുടങ്ങിയത് എന്റെ ഇരുപതുകളിലാണെങ്കിൽ ആരാധ്യ കുഞ്ഞായിരിക്കുമ്പോൾ തുടങ്ങി ഇതെല്ലാം കാണുന്നുണ്ട്. അതവൾക്ക് ‘നോർമൽ’ ആണോ? എനിക്കറിയില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങൾ അത്ര നോർമലായ ഒന്നല്ല. പക്ഷേ, പെട്ടന്നൊരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴല്ല അവൾ ഇതൊന്നും കാണുന്നത്.
ഞങ്ങളുടെ വീടിനു പുറത്തും എയർപോർട്ടിലുമെല്ലാം മാധ്യമപ്രവർത്തകരെ കാണുന്നത് അവൾക്ക് ശീലമായി. അത് അപൂർവ്വമായ ഒന്നല്ലെന്ന് അവൾ തിരിച്ചറിയുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം,’ ‘നോർമൽ’ അല്ലാതെയാകുന്ന മകളുടെ ബാല്യത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
വർഷങ്ങളായി ലൈംലൈറ്റിൽ നിൽക്കുന്ന ഐശ്വര്യ ഇടതടവില്ലാതെ വരുന്ന മാധ്യമ ശ്രദ്ധയും സ്വകാര്യ ജീവിതത്തിലേക്കുള്ള മറ്റു ഇടപെടലുകളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ ‘ഫെമിന’യ്ക്ക് നൽകിയ മറുപടി ഇതാണ്.
‘നിങ്ങൾ പറയുന്ന ആ ‘ശ്രദ്ധ’യിലേക്ക് എൻറെ ശ്രദ്ധ പോകാതിരിക്കാൻ ഞാൻ ആവതും ശ്രദ്ധിക്കും. കഴിയുന്നതും സാധാരണ ഒരു ജീവിതം നയിക്കാൻ ആണ് ശ്രമിക്കുന്നത്. ഞാൻ ഇത് പറയുമ്പോൾ ആളുകൾ ചിലപ്പോൾ ചോദിച്ചേക്കാം, എവിടെപ്പോയാലും ചുറ്റിലും ക്ലിക്ക് ചെയ്യുന്ന ക്യാമറകൾ ‘നോർമൽ’ ആണോ എന്ന്. എന്നെ സംബന്ധിച്ച് പക്ഷേ അതാണ് നോർമൽ’. ഐശ്വര്യ വ്യക്തമാക്കി.