ഷാജി എൻ കരുൺ പകവീട്ടുന്നു’; ആരോപണവുമായി സംവിധായിക

Advertisement

തിരുവനന്തപുരം: കെഎസ്‌എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് എതിരെ ആരോപണവുമായി സംവിധായിക മിനി ഐജി. വൈരാഗ്യം തീർക്കാനായി തന്റെ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നെന്ന് മിനി ആരോപിച്ചു.

കെഎസ്‌എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിർമ്മിച്ച ചിത്രം ‘ നിഷിധോ’ അല്ലെന്നും തന്റെ സിനിമ ‘ഡിവോഴ്‌സ്’ ആണെന്നും മിനി ഐജി അവകാശപ്പെട്ടു. 2019ൽ നിർമ്മിച്ച തന്റെ ചിത്രം 2020ൽ സെൻസർ ചെയ്തതാണ്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ചിത്രം റിലീസ് ചെയ്തില്ലെന്നും തന്റെ സിനിമയെ മറികടന്നാണ് ‘നിഷിധോ’ റിലീസ് ചെയ്യുന്നതെന്നും മിനി പറഞ്ഞു.

‘കഴിഞ്ഞ രണ്ടുവർഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തീയേറ്ററുകളില്ല എന്നൊക്കെ പറഞ്ഞ് പല കാരണങ്ങൾ കൊണ്ട് നീട്ടിവയ്ക്കുകയായിരുന്നു. റിലീസ് അനന്തമായി നീളുന്നത് അന്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം കെഎസ്‌എഫ്ഡിസി എംഡിയെ വിളിച്ച്‌ എത്രയും വേഗം റിലീസ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നിട്ടും നടന്നില്ല’- മിനി പറഞ്ഞു.

‘ഇതിന്റെ പ്രതികാരമായാണ് കെഎസ്‌എഫ്ഡിസി ചെയർമാൻ മറ്റൊരു ചിത്രമാണ് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ സിനിമയെന്ന് നുണ പ്രചരിപ്പിക്കുന്നത്. റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി എൻ കരുണിനെ നേരിട്ട് കണ്ടിരുന്നു. അപ്പോൾ വളരെ ധാർഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതുകൊണ്ടാകണം എന്റെ സിനിമ മറികടന്ന് ‘നിഷിധോ’ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.’- മിനി പറഞ്ഞു.

‘പല തവണ മെയിൽ അയച്ചിട്ടും മറുപടികളൊന്നും കിട്ടിയില്ല. ‘നിഷിധോ’ പല ഫെസ്റ്റിവലുകളിലും പോയ ചിത്രമാണെന്നും അങ്ങനെയൊരു സ്വീകാര്യത കെഎസ്‌എഫ്ഡിസിയുടെ പ്രോജക്ടിന് ലഭിക്കാൻ വേണ്ടിയാണ് അത് ആദ്യം റിലീസ് ചെയ്യുന്നത് എന്നും ഷാജി എൻ കരുൺ പറഞ്ഞു’- മിനി പറഞ്ഞു.

മോൺസ്റ്റർ പോലുള്ള ചിത്രങ്ങൾ പോലും തീയേറ്ററുകളിൽ വന്ന് നിലംതൊടാതെ പോകുമ്പോൾ, സിനിമയെ മാർക്കറ്റ് ചെയ്യാനാണ് ‘നിഷിധോ’ ആദ്യം റിലീസിന് തീരുമാനിച്ചതെന്നും ഷാജി എൻ കരുൺ പറഞ്ഞതായി മിനി ആരോപിച്ചു. പലയിടത്തും കെഎസ്‌എഫ്ഡിസി ആദ്യം നിർമ്മിച്ച ചിത്രം നിഷിധോയാണ് എന്നാണ് പറയുന്നത്. ഇത് നുണയാണെന്ന് പലപ്പോഴും ഞാൻ പറഞ്ഞു. ഇവരോട് വിധേയയായി സംസാരിക്കാൻ ഞാൻ ഷാജി എൻ കരുണിന്റെ സ്റ്റാഫല്ല, ഒരു കലാകാരിയാണ്. ഒന്നരയാഴ്ച കൊണ്ട് സിനിമ ചെയ്തില്ലെങ്കിൽ ഫണ്ട് ലാപ്‌സ് ആയി പോകുമെന്ന് പറഞ്ഞതുകൊണ്ട് കോവിഡിന്റെ സമയത്ത് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ചിത്രം തീർത്തത്. എന്നിട്ട് അംഗീകാരം ലഭിക്കാതെ പോകുമ്പോൾ സങ്കടമുണ്ടെന്നും മിനി പറയുന്നു.

Advertisement