തിരുവനന്തപുരം: ആർക്കും അറിയാത്ത രഹസ്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ഷീല.
നാൽപ്പത്തിയെട്ടു വർഷം മുൻപ് ശാപമോക്ഷം സിനിമയുടെ ലൊക്കേഷനിലാണ് ജയനെ ആദ്യമായി കാണുന്നത്. ആ സിനിമയിൽ നായകനും നായികയുമായി ഉമ്മറും ഞാനും. ഞങ്ങളുടെ വിവാഹ സീനിൽ ഗാനം ആലപിക്കുന്ന വേഷത്തിൽ ജയൻ. അന്ന് ജയൻ പ്രശസ്തിയിലേക്ക് എത്തിയിട്ടില്ല. ആദ്യമായി എന്നെ കണ്ടപ്പോൾ ജയൻ കാൽതൊട്ടു വന്ദിച്ചു . എനിക്ക് അത്ഭുതം തോന്നി. എല്ലാവരോടും വിനയത്തോടെയാണ് പെരുമാറ്റം. ഷോട്ട് കഴിയുമ്പോൾ ‘എങ്ങനെയുണ്ട് ഷീലാമ്മേ” എന്നു ചോദിക്കും. വളരെ നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ മുഖത്ത് സന്തോഷം തെളിയും.


ഷീലാമ്മയോട് മാത്രമേ ചോദിക്കുവെന്ന് അപ്പോൾ ഉമ്മർ. അല്ല സാറെ, സാറും പറയണം. ചിരിച്ചുകൊണ്ടു ജയൻ. നാടും വീടുമെല്ലാം ഞാൻ ചോദിച്ചു. പിന്നീട് കുറെ സിനിമകളിൽ ചെറിയ വില്ലൻ വേഷം. എന്റെ പിന്നാലെ ഓടിവരുന്നതും, നായികമാരെ മാനഭംഗപ്പെുത്താൻ ശ്രമിക്കുന്നതുമായ വേഷങ്ങളായിരുന്നു അതിൽ അധികവും. ഒരുദിവസം കൊണ്ടു നടനായി മാറിയ താരമല്ല ജയൻ. സിനിമയിലേക്ക് എത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് പലപ്പോഴും പറഞ്ഞു. അപ്പോൾ കഴിവു തെളിയിക്കേണ്ടേ എന്നും ജയൻ ചോദിച്ചു. എനിക്ക് വലിയ ബഹുമാനം തോന്നി. ഇതിനു മുൻപ് ആരും അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല.
വിവാഹം കഴിക്കാത്തതെന്തെന്ന് പിന്നീട് കണ്ടപ്പോൾ ഞാൻ ചോദിച്ചു. സിനിമയിൽ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കും. വീട്ടിൽ പോവുമ്പോൾ അമ്മയും ഇതേ കാര്യം ചോദിക്കും. സിനിമയിൽ എന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്ന് ജയൻ പുഞ്ചിരിയോടെ പറഞ്ഞു.നല്ല മനസിന്റെ ഉടമയാണ് ജയൻ എന്ന് വീണ്ടും തോന്നിയ നിമിഷം.ആ സമയത്താണ് ശരപഞ്ജരം സിനിമയിൽ അഭിനയിക്കുന്നത് . ജയന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ശരപഞ്ജരം.
ഒന്നുരണ്ടു വർഷം കഴിഞ്ഞു ഞാൻ വീണ്ടും കല്യാണത്തെപ്പറ്റി ചോദിച്ചു. വിവാഹിതനായി ഭാര്യയെ കൂട്ടി വീട്ടിലേക്ക് വരണം എന്നു ഞാൻ പറഞ്ഞപ്പോൾ, ഷീലാമ്മ എന്നെ കെട്ടുമോ? എന്ന് ജയൻ ചോദിച്ചു. ഒരു പക്ഷെ തമാശയായിട്ടാകാമെങ്കിലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ നടുങ്ങി. എന്താ, സംസാരിക്കുന്നതെന്ന് ഞാൻ ആരാഞ്ഞപ്പോൾ ജയൻ ഇങ്ങനെ പറഞ്ഞു . ‘ ഷീലാമ്മയെ പോലൊരു പെണ്ണിനേയെ ഞാൻ കല്യാണം കഴിക്കൂ. എന്റെ സങ്കല്പത്തിലെ പെണ്ണ് ഇതേപോലെയാണ്… ഷീലാമ്മയെപ്പോലെ . എല്ലാം തികഞ്ഞ പെണ്ണ്.” ജയൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

ഞാൻ സംവിധാനം ചെയ്ത ശിഖരങ്ങൾ സിനിമയിൽ ജയൻ അഭിനയിച്ചു. ആദ്യമായി ജയൻ കാരക്ടർ വേഷം ചെയ്ത സിനിമ. ആക്ഷൻ രംഗങ്ങൾ ഇല്ലാത്ത ജയൻ സിനിമ. സംവിധായകന്റെ നടനാണ് ജയൻ. ശരപഞ്ജരം ഉൾപ്പെടെ ജയൻ സിനിമകളുടെ വിജയകാലത്തിന് പ്രേക്ഷകരെ പോലെ ഞാനും സാക്ഷിയായി. ജയൻ ചിത്രങ്ങൾ ചരിത്ര വിജയം നേടുന്നത് അഭിമാനത്തോടെ കണ്ടു. ജയൻ എന്ന നടന്റെ ആരംഭവും വിജയയാത്രയും അടുത്തുനിന്നു കാണാൻ സാധിച്ച അപൂർവം ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണ് ഞാൻ.ജയൻ നായകനായി സിനിമ സംവിധാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു.ആ സിനിമയ്ക്ക് നിർമ്മാതാവിനെ തേടി പോയില്ല. ഞാനും ജയനും മൂന്നു നിർമ്മാതാക്കളും ചേർന്ന് ഫൈവ് ഫിംഗേഴ്സ് എന്ന കമ്പനി ആരംഭിച്ചു. മദിരാശിയിൽ എന്റെ വീട്ടിലായിരുന്നു സിനിമയുടെ ചർച്ചകൾ മുഴുവൻ. ഞാൻ എഴുതിയ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ജയനും ഞാനും നായകനും നായികയും. അഞ്ചുപേരും ചേർന്ന് നിശ്ചിത തുക ബാങ്കിലിട്ടു. ഫൈവ് ഫിംഗേഴ്സ് ഞങ്ങളുടെ സ്വപ്നം തന്നെയായിരുന്നു. ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ജയന്റെ മരണം. ഫൈവ് ഫിംഗേഴ്സ് എന്ന ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ തെളിഞ്ഞില്ല.കാമറയ്ക്ക് പിന്നിൽ വീണ്ടും വരാൻ എനിക്ക് കഴിഞ്ഞില്ല. മലയാള സിനിമ സംവിധാനം ചെയ്യാൻ പിന്നീട് മനസ് വന്നില്ല. നിർമ്മാണ ചെലവിന് നൽകിയ പണം ജയന്റെ അമ്മയെ ഏല്പിച്ചു.വിവാഹം കഴിക്കാൻഎന്നെ പോലൊരു സ്ത്രീയെ കണ്ടെത്താൻ ജയന് കഴിയാതെ പോയിട്ടുണ്ടാവാം.ആരുമായോ അടുപ്പത്തിലായിരുന്നുവെന്ന് പിന്നീട് ചിലർ എഴുതിക്കണ്ടു.
മദ്രാസിൽ നിന്ന് കേരളത്തിലേക്ക് ജയന്റെ മൃതദേഹം കൊണ്ടു പോയപ്പോൾ ഞാൻ അനുഗമിച്ചിരുന്നു. എന്നാൽ സത്യൻ സാറിന്റെയും നസീർ സാറിന്റെയും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. നല്ല ഒരു സഹോദരനായിരുന്നു ജയൻ. നല്ല മനുഷ്യൻ. എത്ര വർഷം കഴിഞ്ഞാലും ജയന് പകരക്കാരില്ല. ഷീലാമ്മ എന്നു എല്ലാവരും വിളിക്കുന്നു. ജയൻ വിളിക്കുമ്പോൾ ആ വിളിയിൽ സത്യവും സ്നേഹവും ആത്മാർത്ഥതയും ഞാൻ അനുഭവിച്ചിരുന്നു. ഷീല പറഞ്ഞു