ഇന്റർനെറ്റിൽ വൈറലായി ആയിഷ ഒമർ; സാനിയയും മാലിക്കും വേർപിരിയാൻ കാരണം ആയിഷയോ?

Advertisement

ഇസ്ലാമാബാദ്: ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷുഐബ് മാലിക്കും സാനിയ മിർസയും. എന്നാൽ ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.

‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താൻ’-എന്നാണ് സാനിയ സ്റ്റോറിയിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു. എന്നാൽ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയതായി ഷുഐബിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നു. ഷുഐബ് മാലിക്കിന്റെ മാനേജ്‌മെന്റ് ടീമിലെ അംഗമാണ് ഈ വാർത്ത സ്ഥിരീകരിച്ചതെന്നും ‘ഇൻസൈഡ് സ്‌പോർട്ടി’ന്റെ റിപ്പോട്ടിൽ പറയുന്നു.

പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറിന്റെ പേരും ഇതിനോട് ചേർത്തുവായിക്കപ്പെടുന്നുണ്ട്. ആയിഷയുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേർപിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. 2021-ൽ ആയിഷയും ഷുഐബും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഓക്കെ പാകിസ്താൻ എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്. ബോൾഡ് ഫോട്ടോഷൂട്ടിനായി ആയിഷ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷുഐബ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം ആയിഷയും ഷുഐബും തമ്മിലുള്ള സൗഹൃദം വളർന്നുവെന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്. അഭിനേത്രിയാകുന്നതിന് മുമ്പ് ഗായികയെന്ന നിലയിലും ആയിഷ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവതാരകയായും തിളങ്ങിയിട്ടുണ്ട്. പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇവർ. 2015-ൽ ‘കറാച്ചി സേ ലാഹോർ’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബർ 30-ന് ഇരുവർക്കും കുഞ്ഞ് പിറന്നു. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്റെ നാലാം പിറന്നാൾ ആഘാഷത്തിൽ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങൾ ഷുഐബ് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നേരത്തെ ഇസ്ഹാൻ മിർസ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കിൽ ഇസ്ഹാൻ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങൾ’ എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നൽകിയിരുന്നു.

Advertisement