കണ്ണൂർ: തളിപ്പറമ്പിൽ പരിചയപ്പെട്ട ജ്യോത്സ്യനെക്കുറിച്ചുള്ള രസകരമായ ഓർമ പങ്കുവെയ്ക്കുകയാണ് നടൻ ശ്രീനിവാസൻ.
ജ്യോത്സ്യന്റെ മിടുക്ക് പ്രശംസിക്കാതെ വയ്യെന്ന് ഒരു ചാനൽ പരിപാടിയിൽ ഓർത്തു പറയുകയായിരുന്നു അദ്ദേഹം.
‘ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. വഴിയരികിൽ കണ്ട ഒരു ജ്യോത്സൻ എന്റെ അടുത്ത് വന്നിട്ട് നിങ്ങളറിയാതെ ഒരു പെൺകുട്ടി നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അന്ധാളിച്ച് അദ്ദേഹത്തെ ഒന്ന് നോക്കി. ഒരു നിമിഷം ഇവിടെ നിൽക്കൂ, എല്ലാം വിശദമായി പറയാമെന്ന് പറഞ്ഞു. എന്നാൽ, അന്നത്തെ എന്റെ അവസ്ഥയിൽ ഒരു പെൺകുട്ടിയും എന്നെ സ്നേഹിക്കാൻ യാതൊരു സാധ്യതയുമില്ലെന്നറിയാവുന്നതു കൊണ്ടും അവിടെ ഇരുന്നാൽ കൊടുക്കാനുള്ള പ്രതിഫലം കയ്യിൽ ഇല്ലാത്തതു കൊണ്ടും ഞാൻ പെട്ടെന്ന് സ്ഥലം വിട്ടു. പക്ഷെ, അത്തരമൊരു കാര്യം പറഞ്ഞ് എന്നെ അവിടെ ഇരുത്താൻ അദ്ദേഹം കാണിച്ച മിടുക്ക് അഭിനന്ദിക്കേണ്ടത് തന്നെയായിരുന്നു. കൂടാതെ മറ്റൊരു കാര്യവും അദ്ദേഹം പറഞ്ഞു. ഇന്നസെന്റിന്റെ സമയം വളരെ മോശമാണ്. അദ്ദേഹത്തോട് എത്രയും പെട്ടെന്ന് തന്നെ വന്ന് കാണണമെന്ന് പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും ഒട്ടും വിശ്വാസം പോലുമില്ലാത്ത അദ്ദേഹത്തോട് ഞാനത് പറഞ്ഞു പോലുമില്ല’, ശ്രീനിവാസൻ പറഞ്ഞു.
പള്ളിയിലൊന്നും പോവാത്തയാളാണ് ഇന്നസെന്റെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരിക്കൽ അദ്ദേഹത്തോട് ഒരു സുഹൃത്ത് ചോദിച്ചു, നിങ്ങളെന്താണ് പള്ളിയിലൊന്നും പോകാത്തതെന്ന്. വല്ലപ്പോഴും പള്ളിയിൽ പോയാൽ കർത്താവ് തന്നെ കണ്ടുപിടിക്കും. ആഹാ, നീ ഇപ്പോഴും ജീവനോടെയുണ്ടല്ലേ എന്ന് കണ്ട കർത്താവ് ഇനി തനിക്ക് വല്ല ശിക്ഷയും തന്നാലോ എന്നാണ് ഇന്നസെന്റ് പറഞ്ഞത്. ആ ഇന്നസെന്റിനോട് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ പറയുകയെന്ന് ശ്രീനിവാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു.