‘ക്രൂരത സഹിക്കാൻ കഴിയുന്നില്ല’; വിവാഹമോചനം തേടി സുകന്യ, ഡിവോഴ്സ് നൽകാൻ തയ്യാറാവാതെ ഭർത്താവ്

Advertisement

കൊച്ചി: മനോഹരമായ കണ്ണുകളും ചിരിയുമായി മലയാളികളുടെ ഹൃദയം കവർ‌ന്ന നടിയാണ് സുകന്യ. സുകന്യയെന്ന പേര് കേൾക്കുമ്പോൾ തന്നെ ഒട്ടനവധി സിനിമകളും മനോഹരമായ ​ഗാന രം​ഗങ്ങളും മലയാളികളുടെ മനസിലേക്ക് ഓടി വരും.

മലയാളത്തിൽ ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സുകന്യ ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. അമ്പത്തിമൂന്നുകാരിയായ സുകന്യ അഭിനേത്രി എന്നതിലുപരി നർത്തകിയും സം​ഗീത സംവിധായികയും വോയിസ് ആർട്ടിസ്റ്റുമെല്ലാമാണ്.

ഇപ്പോൾ സുകന്യ സിനിമയിൽ സജീവമല്ല. സിനിമ കഥകൾ പോലെ തന്നെ സംഭവബഹുലമായിരുന്നു സുകന്യയുടെ ജീവിതവും. 1991ൽ ആണ് സുകന്യയുടെ ജീവിതം അഭിനേത്രി എന്ന നിലയിൽ ആരംഭിക്കുന്നത്. പുതു നെല്ല് പുതു നാത്ത് ആയിരുന്നു ആദ്യ സിനിമ.

ഭാരതിരാജ സംവിധാനം ചെയ്ത സിനിമയിൽ നെപ്പോളിയനായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. തൊണ്ണൂറുകളിൽ സുകന്യയ്ക്ക് മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുണ്ടായിരുന്നു.

നായികയായി തെന്നിന്ത്യയിൽ കത്തി നിൽക്കുമ്പോഴാണ് സുകന്യ വിവാഹിതയായത്. 2002ലായിരുന്നു സുകന്യയുടെ വിവാഹം നടന്നത്.

ന്യൂജേഴ്‌സിയിലെ ബാലാജി ടെംപിളിൽ വെച്ചാണ് അമേരിക്കയിൽ സ്ഥിര താമസക്കാരനായ ഇന്ത്യൻ വംശജനായ ശ്രീധർ രാജ​ഗോപാലനെ സുകന്യ വിവാഹം ചെയ്തത്. തുടക്കത്തിൽ സുഖമമായി പോയിരുന്ന ​ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളും ഭർത്താവിന്റെ ക്രൂരതയും പതിയെ സുകന്യയുടെ ജീവിതം നരകതുല്യമാക്കി.

ദാമ്പത്യത്തിൽ പ്രശ്നങ്ങൾ‌ ​ഗുരുതരമായപ്പോൾ വിവാഹ ജീവിതം ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ സുകന്യ അമേരിക്കയിൽ നിന്നും തിരിച്ച് ചെന്നൈയിലേക്ക് വന്ന് വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചു. പക്ഷെ സുകന്യ വിവാഹമോചനത്തിന് ശ്രമിക്കുന്ന വിവരം ഭർത്താവ് ശ്രീധറിന് അറിയില്ലായിരുന്നു.

നാട്ടിലെത്തി വിവാ​ഹമോചനത്തിന് അപേക്ഷിച്ച ശേഷം നടി സിനിമകളിൽ അഭിനയിക്കാനുള്ള കരാറുകളിൽ‌ ഒപ്പിടാനും ചെറിയ പ്രോ​ഗ്രാമുകൾ ഏറ്റെടുത്ത് നടത്താനും തുടങ്ങി. ഭർത്താവിന്റെ ക്രൂരത അതിരുവിടുന്നുവെന്നും താങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ചാണ് വിവാഹ​മോചനത്തിനുള്ള അപേക്ഷ സുകന്യ നൽകിയത്.

സംഭവം അറിഞ്ഞ് ഭർത്താവ് വിവാ​ഹമോചനം സുകന്യയ്ക്ക് ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ വെച്ച് വിവാഹിതരായതിനാൽ ചെന്നൈയിൽ വെച്ച് സുകന്യ വിവാഹമോചനം നേടിയത് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീധർ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.

പക്ഷെ അത് ഏറ്റില്ല. മാത്രമല്ല വിവാഹം എവിടെവെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തിൽ വെച്ച് വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിച്ചു. ഇരുവരുടേയും വിവാഹം ഹിന്ദു ആചാരപ്രകാരമാണ് നടന്നത്.

ശേഷം 2004ൽ സമർപ്പിച്ച വിവാഹമോചന അപേക്ഷയ്ക്ക് ജഡ്ജ് അനുമതി നൽകി. വിവാഹമോചനത്തിന് ശേഷം താരത്തിന് സിനിമയിൽ നിന്നുള്ള വർക്കുകളടക്കം കുറഞ്ഞതോടെ താരം പിന്നീട് പല വിവാദങ്ങളിലും ഉൾപ്പെടുകയും ചെയ്തിരുന്നു.

വിവാഹത്തിന് മുമ്പ് നൃത്തപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് സുകന്യ ഇന്ത്യയിലൊട്ടാകെ സഞ്ചരിക്കാറുണ്ടായിരുന്നു. അഴക്, തിരുപ്പതി തിരുക്കുടൈ തിരുവിഴ എന്നീ രണ്ട് ഭക്തിഗാന ആൽബങ്ങളും സുകന്യ രചിച്ചിട്ടുണ്ട്.

1992ൽ പുറത്തിറങ്ങിയ അപാരതയാണ് സുകന്യയുടെ ആദ്യ മലയാള സിനിമ. ചിത്രത്തിൽ‌ സുകന്യയ്ക്ക് പുറമെ റഹ്മാൻ, ഉർവ്വശി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സുകന്യയുടെ രണ്ടാമത്തെ സിനിമ 1994ൽ മമ്മൂട്ടിക്കൊപ്പമായിരുന്നു.

അന്നും ഇന്നും സുകന്യയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്ന് കൂടിയാണ് സാ​ഗരം സാക്ഷി. പിന്നീട് തൂവൽ‌ക്കൊട്ടാരത്തിൽ ജയറാമിന്റെ നായികയായി സുകന്യ. മഞ്ജു വാര്യരും ​ദിലീപുമായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

മലയാളത്തിൽ അവസാനമായി സുകന്യ അഭിനയിച്ചത് 2014ലാണ് ആമയും മുയലുമെന്ന സിനിമയിൽ. ചിത്രത്തിൽ ജയസൂര്യയായിരുന്നു നായകൻ.