കൊച്ചിയിൽ നവ്യയുടെ നൃത്ത വിദ്യാലയം

Advertisement

കൊച്ചി: നർത്തകിയും ചലച്ചിത്ര താരവുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഡിസംബർ നാളെ ആരംഭിക്കും.

കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡിസംബർ മൂന്നിന് രാവിലെ എട്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. തുടർന്ന് ‘മാതംഗി’യുടെ സഹകരണത്തോടെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാലയ്ക്കും തുടക്കമാകും.

മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്യും. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ മധു , എസ് എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്യാം.

ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് പ്രിയദർശിനി ഗോവിന്ദ്. കലൈലാമണി പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള പ്രിയദർശിനി നൃത്തത്തിനും നൃത്ത അധ്യാപനത്തിനുമായി ജീവിതം മാറ്റിവച്ച കലോപാസകയാണ്. ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട് കുട്ടിക്കാലം മുതലേ സ്നേഹവും ആദരവുമുണ്ടെന്ന് നവ്യ നായർ പറഞ്ഞു. മനസ്സിൽ ആരാധന തോന്നിയിട്ടുള്ള കലാകാരിക്കൊപ്പം ഒരു നൃത്തശില്പശാലയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും നവ്യ നായർ കൂട്ടിച്ചേർത്തു.

Advertisement