സ്കൂളിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാർത്ഥികൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി.
ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടി പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്കൂളിൽ നടക്കവെയാണ് മീനാക്ഷി തന്റെ അനുഭവം വിദ്യാർത്ഥികളുടെ മുന്നിൽ തുറന്നു പറഞ്ഞത്.
‘വിജയ് യേശുദാസ് നായകനായ “ക്ലാസ് ബൈ എ സോൾജിയർ” എന്ന ചിത്രത്തിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെപ്പറ്റി പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളിൽ നടക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ഞാൻ കളിച്ചും ചിരിച്ചും നടന്നു. ഈ സമയം പ്ലസ് വൺ, പ്ലസ് ടു-വിൽ പഠിക്കുന്ന കുറേ ആൺകുട്ടികൾ എന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു’.
‘അവർ ഒരുപക്ഷെ തമാശയ്‌ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് ഞാൻ കേട്ടിട്ടില്ല. “എം ആന്റ് എം” എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാൻ കരുതിയത്. അവർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, “ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കിൽ തന്നോളൂ..”. പെട്ടന്ന് അവർ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികൾ എന്റെ അടുത്ത് വന്ന് ചോദിച്ചു, “നീ എന്താണെന്ന് ഓർത്തിട്ടാ വേണമെന്ന് പറഞ്ഞത്” എന്ന്. ഇവിടെ എംഡിഎംഎയുടെ ഉപയോഗത്തിനെതിരെ ക്ലാസ് എടുക്കുന്നത് കേട്ടപ്പോൾ ഈ അനുഭവമാണ് എനിക്ക് ഓർമ്മ വന്നത്. ഇപ്പോഴത്തെ ജനറേഷൻ ലഹരിക്കടിമപ്പെട്ട് വിവരക്കേട് കാണിക്കുമ്പോൾ തന്നെ, മറുവശത്ത് വലിയ ഒരു ശതമാനം സമൂഹത്തെപ്പറ്റി നല്ല വിവരമുള്ളവരാണ്. നമ്മുടെ ജനറേഷനാണ്, നമുക്ക് വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും ലഹരി ഉപയോഗത്തിനെതിരെ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’ എന്നും മീനാക്ഷി പറഞ്ഞു.