കൊച്ചി: വർഷങ്ങൾക്കു മുമ്പ് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി ഐശ്വര്യ തുറന്നു പറഞ്ഞത്.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ :
”എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശം നേരിടേണ്ടിവന്നിട്ടുണ്ടാവും. മോശമായി സ്പർശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തിൽ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നു.കോയമ്പത്തൂരിൽ വച്ച് ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു. ഇപ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ പ്രതികരിക്കും.
പക്ഷേ ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്നു നമുക്ക് അറിയില്ലല്ലോ. അത്തരം കാര്യങ്ങൾ പിന്നീടും നമ്മുടെ മനസ്സിൽ നിൽക്കും. അന്ന് ഗുരുവായൂരിൽ മഞ്ഞയിൽ സ്ട്രോബറി പ്രിന്റുകൾ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാൽ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാൻ കരുതിയിരുന്നു. പക്ഷേ പിന്നെ ഞാനതിനെ തരണം ചെയ്തു. ഇപ്പോൾ ഞാൻ കൂടുതലായും ധരിക്കുന്ന കളർ മഞ്ഞയാണ്.
ഇത്തരം പ്രശ്നങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഗാർഗി പോലുള്ള സിനിമകളിൽ അവ ചർച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകൾ ചർച്ചകൾക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘർഷങ്ങൾ ചർച്ചയാവണം”-ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഗാട്ട ഗുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രം. വിഷ്ണു വിശാൽ ആണ് ചിത്രത്തിൽ നായകൻ. പൊന്നിയിൻ സെൽവനു ശേഷം റിലീസ് ചെയ്യുന്ന ഐശ്വര്യയുടെ തമിഴ് ചിത്രം കൂടിയാണിത്. കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ.