ക്രിസ്മസ് മാസത്തിൽ ബെത്‌ലഹേം സന്ദർശിച്ച് മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യർ. ബെത്‌ലഹേമിലെ തെരുവുകളിലൂടെ ഡംഗ്രീസും സൺഗ്ലാസും വച്ച് മഞ്ജുവാര്യർ നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുന്നതിന്റേയും ദൃശ്യങ്ങൾ നടനും അവതാരകനുമായ ആർ.ജെ മിഥുനാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. മിഥുന് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യരും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് പറയാത്ത അധികം ക്രിസ്മസ് കരോൾ ഗാനങ്ങളുണ്ടാവില്ല. ജറുസലേമിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കൊച്ചു ഗ്രാമമായ ബെത്‌ലഹേമിന്റെ പ്രാധാന്യവും പ്രസിദ്ധിയും ബൈബിളിനേയും യേശുവിനേയും ചുറ്റിപ്പറ്റിയാണ്. വിശ്വാസികൾ അടക്കമുള്ള നിരവധി സഞ്ചാരികളാണ് ബെത്‌ലഹേം സന്ദർശിക്കാറ്. കരോൾ ഗാനത്തിന്റെ പശ്ചാത്തല സംഗീതവുമായാണ് മഞ്ജു വാര്യരുടെ വിഡിയോ മിഥുൻ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്കൊപ്പം മഞ്ജു ബെത്‌ലഹേമിൽ എന്നും കുറിച്ചിട്ടുണ്ട്.
ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ക്രൈസ്തവ പള്ളികളിലൊന്ന് ബെത്‌ലഹേമിലാണ്. ജൂതന്മാരുടേയും മുസ്‌ലിങ്ങളുടേയും വിശ്വാസ പ്രധാന്യമുള്ള സ്ഥലം കൂടിയാണ് ബെത്‌ലഹേം. ഇസ്രയേലിലെ രാജാവായിരുന്ന ദാവീദ് രാജാവിന്റെ ജന്മസ്ഥലമാണ് ഇതെന്നും കരുതപ്പെടുന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ അറബ് ക്രിസ്ത്യൻ സമൂഹവും ബത്‌ലഹേമിലായിരിക്കും,
ഉണ്ണിയേശു ജനിക്കുമ്പോൾ ഏതാണ്ട് 300 മുതൽ ആയിരം പേർ മാത്രം താമസിച്ചിരുന്ന കൊച്ചു ഗ്രാമമായിരുന്നു ബെത്‌ലഹേം എന്നാണ് കരുതപ്പെടുന്നത്. വളരെ പതുക്കെയായിരുന്നു ബെത്‌ലഹേമിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങിയത്. ആദ്യത്തെ ക്രൈസ്തവ ആരാധനാലയം ബെത്‌ലഹേമിൽ സ്ഥാപിക്കപ്പെടുന്നത് എ.ഡി 326ലാണ്. ക്രിസ്തുമത വിശ്വാസിയായ രാജാവ് കോൺസ്റ്റന്റെയ്‌ന്റെ മാതാവ് ഹെലൻ ബെത്‌ലഹേം സന്ദർശിച്ച ശേഷമായിരുന്നു ഇത്.
2000ത്തിലെ കണക്കുകൾ പ്രകാരം ബെത്‌ലഹേമിൽ 1.84 ലക്ഷത്തിലേറെ പേർ പാർക്കുന്നുണ്ട്. ജനങ്ങളിൽ 41 ശതമാനം ക്രിസ്തുമത വിശ്വാസികളും 59 ശതമാനം മുസ്‌ലിം മത വിശ്വാസികളുമാണ്. 1995 ഡിസംബർ 21 മുതൽ പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ബെത്‌ലഹേം. പലസ്തീൻ നിയന്ത്രണത്തിലുള്ള പ്രദേശമാണെങ്കിലും ഇവിടെ പരമാവധി സംഘർഷങ്ങൾ ഒഴിവാക്കാൻ പലസ്തീൻ അതോറിറ്റി ശ്രമിക്കാറുണ്ട്. വിനോദ സഞ്ചാരികളെ സഹായിക്കാനായി വലിയ തോതിൽ പൊലീസ് സാന്നിധ്യവും ഇവിടെയുണ്ടാവാറുണ്ട്. ഇസ്രയേലും ഗാസ മുനമ്പിലെ പലസ്തീൻ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടാവുമ്പോൾ പോലും പൊതുവേ ബെത്‌ലഹേം ശാന്തമായി തുടരും.
ഇസ്രയേലിലെ ജറുസലേമിൽ നിന്നാണ് പൊതുവേ യാത്രികർ ബെത്‌ലഹേമിലേക്ക് എത്തിച്ചേരാറ്. റോഡു മാർഗമുള്ള യാത്രകളിൽ ഇസ്രയേലി സേനയുടെ പരിശോധനകളുണ്ടാവാറുണ്ട്. ബസുകൾ പോലുള്ള പൊതുഗതാഗത മാർഗങ്ങളിലും സൈനികർ യാത്രികരുടെ രേഖകൾ പരിശോധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബെത്‌ലഹേമിലേക്കുള്ള യാത്രകളിൽ പാസ്‌പോർട്ടും ടൂറിസ്റ്റ് വീസയും എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കുന്നത് നല്ലതായിരിക്കും.
ചെറിയ പ്രദേശമായതിനാൽ കാൽനടയായി തന്നെ ബെത്‌ലഹേമിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാവും. എന്നാൽ ടാക്‌സിയിലാണ് യാത്രയെങ്കിൽ ഉറപ്പായും യാത്രക്കു മുന്നേ നിരക്കുകൾ പറഞ്ഞുറപ്പിക്കുക.ബെത്‌ലഹേമിലേക്കായി സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ് ചർച്ച് ഓഫ് ദ നേറ്റിവിറ്റി എന്ന ഈ പൗരാണിക ക്രൈസ്തവ ദൈവാലയം. ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നായ ഇവിടെയാണ് മറിയം യേശുവിനെ പ്രസവിച്ചതെന്ന് കരുതപ്പെടുന്നു. യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള ഇടമാണിത്. റേച്ചലിന്റെ ശവകുടീരം, മിൽക്ക് ഗ്രൊറ്റോ ചാപ്പൽ, മോസ്‌ക് ഓഫ് ഒമർ, സോളമൻസ് പൂൾ, ദാവീദ് രാജാവിന്റെ കിണർ, സെന്റ്: ജോർജിന്റെ ശവകുടീരം എന്നിവയും ബെത്‌ലഹേമിലെ കാഴ്ചകളിൽ ചിലതാണ്.