വാമനൻ തമിഴിലേക്ക്; പ്രമുഖ നടൻ നായകനാകും

Advertisement

ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച റിലീസായ ഹൊറർ സൈക്കോ ത്രില്ലർ വാമനന് തമിഴിൽ റീമേക്ക് വരുന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട പ്രമുഖ തമിഴ് നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ പിന്നണി പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി ബിനിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു റിസോർട്ട് മാനേജറായിട്ടാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു.

സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി.സോഷ്യൽ മീഡിയ പ്രൊമോഷൻ ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം തീയ്യേറ്ററിൽ എത്തിച്ചത്.