സിനിമയിലെ കച്ചവടം എനിക്കറിയില്ല: മഞ്ജു വാരിയർ

Advertisement

ഒരുപാടുപേരാൽ സ്നേഹിക്കപ്പെടണമെന്നു ആഗ്രഹിക്കാത്തവരുണ്ടോ ? അങ്ങനെ സ്നേഹത്താൽ ചേർത്തുനിർത്തുമ്പോഴും അതെല്ലാം അനുഗ്രഹം മാത്രമാണെന്ന് എളിമപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പുത്തൻ വിശേഷങ്ങൾ അറിയാം.

കുട്ടിക്കാലം തമിഴ്‌നാട്ടിൽ ആയിരുന്നു. മലയാളം പഠിക്കുന്നതിനും മുൻപ് കേട്ടതും എഴുതിപ്പഠിച്ചതും തമിഴായിരുന്നു. അഭിനയത്തിന്റെ തുടക്കകാലത്ത് മലയാളസിനിമയിൽ തിരക്കായിരുന്നു. അന്ന് തമിഴിൽ സിനിമകൾ ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ രണ്ട് സിനിമകളാണ് തമിഴിൽ ചെയ്തത്. അസുരനും തുനിവും. തമിഴിൽ എഴുതാനും വായിക്കാനുമറിയാം. ഏതുതരം വാക്കുകളെയും ചേർത്തുവയ്ക്കാനാകും തമിഴിൽ. ഒരു മുഴുവൻ തമിഴത്തിക്കുട്ടിയായാണ് വളർന്നതെന്ന് മഞ്ജു പറയുന്നു.

ആയിഷ എന്ന ഇന്റർനാഷനൽ സിനിമ

“ട്രൈലെറും പാട്ടുമെല്ലാം കണ്ട് ഇതൊരു അന്തർദേശീയ സിനിമ പോലെയുണ്ടല്ലോ എന്നാണ് എല്ലാവരും പറഞ്ഞത്. ആയിഷയെന്ന ഗദ്ദാമയുടെ ചുറ്റും സംഭവിക്കുന്ന കഥയാണിത്. മലയാളികളെ ഉപദ്രവിക്കാൻ നിൽക്കുന്ന അറബിയെയൊക്കെയാണല്ലോ മുൻപുള്ള സിനിമകളിൽ കണ്ടിരിക്കുന്നത്. എന്നാൽ ആയിഷ വളരെ റിയലിസ്റ്റിക്കായി ആ കഥ പറയുകയാണ്. അതിലെ വസ്ത്രങ്ങൾ പോലും യാഥാർത്ഥജീവിതത്തിൽ ഉപയോഗിക്കുന്നതരത്തിലുള്ളവയാണ്”. സിറിയൻ ഈജിപ്ഷ്യൻ സൗദി ശ്രീലങ്കൻ അഭിനേതാക്കളാണ് സിനിമയിലുള്ളത്. ഉപയോഗിച്ചിരിക്കുന്ന ഭാഷയും അവരവരുടേതു തന്നെയാണ്. അതെല്ലാം അങ്ങിനെതന്നെ ചിട്ടപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.

കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോൾ അടുത്ത കൂട്ടുകാരായി. ഈ സിനിമയുടെ അണിയറക്കാർ പ്രശസ്തരാണെന്നുപോലും അവർക്ക് അറിയില്ലായിരുന്നു. എല്ലാവരെയും കേരളത്തിൽ കൊണ്ടുവന്ന് സിനിമ കാണിക്കണമെന്നാണ് മഞ്ജുവിന്റെ ആഗ്രഹം.

തല അജിത്തെന്ന കൂട്ടുകാരൻ

മഞ്ജുവിന് യാത്രയോടുളള ഇഷ്ടമറിഞ്ഞപ്പോൾ , അടുത്തതായി പോകുന്ന ബൈക്ക് റാലിയിലേക്ക് ക്ഷണിച്ചു. ആദ്യം അത് വിശ്വസിക്കാൻ പോലും പറ്റിയില്ലെന്നാണ് മഞ്ജു പറയുന്നത്. “ഒരു ഭംഗിക്ക് വിളിച്ചത്താവും. അതുകേട്ട് ചാടിപുറപ്പെട്ടാൽ അദ്ദേഹത്തിന് ബുദ്ധിമുട്ടായേക്കുമോ എന്നുപോലും ചിന്തിച്ചു. ഒടുവിൽ യാത്രയ്ക്കുവേണ്ട സന്നാഹങ്ങളൊക്കെയൊരുക്കി അജിത് സാറിൻറെ മെസ്സേജ് വന്നപ്പോളാണ് വിശ്വാസമായത്”.

തുനിവ് സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ ആലോചിച്ചത് അതിലെ സംഘട്ടന രംഗങ്ങളെക്കുറിച്ചുകൂടിയാണ്. “ജീവിതത്തിൽ ഫൈറ്റ് ചെയ്തിട്ടില്ല. കാണുമ്പോൾ കോമഡിയായിതോന്നരുതെന്നു മാത്രമായിരുന്നു ആഗ്രഹം.”

“ചീത്തപ്പേര് കേൾപ്പിക്കാതെ സിനിമകൾ ചെയ്യണമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളു. സൂപ്പർസ്റ്റാർ എന്നാൽ എന്താണെന്ന് ആലോചിച്ചിട്ടേയില്ല”. ആ വിശേഷണമൊന്നും ശാശ്വതമല്ലെന്നും എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ് അതൊക്കെ എന്നും മഞ്ജു പറഞ്ഞുവയ്ക്കുന്നു. സ്നേഹംകൊണ്ട് വിളിക്കുന്നതാണ് അതൊക്കെ. ആളുകൾ വിമർശിക്കുമ്പോൾ അതിൽ നിന്നും എന്തെല്ലാം പാഠങ്ങൾ ഉൾക്കൊള്ളാമെന്നു ആലോചിക്കും. തല അജിത്തിന്റെ കൂടെ ബൈക്ക് റൈഡ് ചെയ്തപ്പോളാണ് റൈഡിങ്ങിനോട് ഇഷ്ടം തോന്നിയത്,. ഈയടുത്ത് ബൈക്ക് ലൈസൻസ് എടുത്തു. പണ്ട് കണ്ട കാഴ്ചകൾ മാറിമറിഞ്ഞത് കണ്ടതായിരുന്നു ബൈക്ക് റൈഡിൽ ആകർഷിച്ചത്. യാത്രകൾ ഇഷ്ടമാണ്. അത് ദൂരേയ്ക്കായാലും വീടിനടുത്തെവിടെയെങ്കിലുമായാലും.

കഷ്ടപ്പെട്ട് കൂടെ നിർത്തുന്നത് സൗഹൃദമല്ല.

ഫോണിൽ വിളിച്ചാൽ എടുത്തില്ലെങ്കിലോ , മെസ്സേജിന് ബ്ലൂ ടിക്ക് കണ്ടിട്ട് മറുപടി കൊടുത്തില്ലെങ്കിലോ പിണങ്ങുന്നവരുണ്ടെങ്കിൽ അവർ കൂട്ടുകാരല്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്. വളരെ സ്വാഭാവികമായി ജീവിതത്തിലേക്ക് എത്തുന്നവരാണ് കൂട്ടുകാർ. ഏതുതരം ബന്ധങ്ങളിലും സ്വാതന്ത്ര്യമുണ്ടായിരിക്കണമല്ലോ. “ഒരുപാടുനാൾ വിളിച്ചില്ലെങ്കിലും അന്ന് നിർത്തിയിടത്തുനിന്നു സ്നേഹത്തോടെ സംസാരിച്ചു തുടങ്ങുന്നവരാണ് എൻ്റെ കൂട്ടുകാർ.” മഞ്ജു പറഞ്ഞു.

സിനിമയെന്ന കച്ചവടം

സിനിമയെ കച്ചവടമായി മനസിലാക്കാൻ മഞ്ജുവിന് പറ്റിയിട്ടില്ല. മുഴുവനായും കലാകാരി മാത്രമാണ് മഞ്ജു. സിനിമയുടെ നിർമാണവും മറ്റു കച്ചവടസാധ്യതകളും നോക്കി നടത്താൻ വിശ്വസ്തരായ അംഗങ്ങൾ മഞ്ജുവിന്റെ ടീമിലുണ്ട്. പുതിയ കഥകളും നൃത്തവും കലയുമാണ് മഞ്ജുവിനെ സന്തോഷിപ്പിക്കുന്നത്.

Advertisement