മോഹന്‍ലാലിനെ വച്ച് താന്‍ സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഇത്, ഒടുവില്‍ അടൂര്‍ വെളിപ്പെടുത്തുന്നു

Advertisement

മോഹന്‍ലാലിനെ വച്ച് താന്‍ സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഒടുവില്‍ അടൂര്‍ വെളിപ്പെടുത്തുന്നു. ലാലിന്റെ നല്ല റൗഡി ഇമേജ് തനിക്ക് പ്രശ്‌നമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാത്തതെന്നും അടൂര്‍ പറയുന്നു.

ലാലിനുള്ള അത്തരം ഇമേജ് മനസില്‍ നിന്ന് കളയാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ പി കെ നായര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയില്‍ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രിയപ്പെട്ട നടി കാവ്യ മാധവനാണ്. പിന്നെയും എന്ന ചിത്രത്തിലെ കാവ്യയുടെ പ്രകടനം അമ്ബരപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പ്രതിഷേധങ്ങളിലും അദ്ദേഹം പ്രതികരിച്ചു. യുവസംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവര്‍ വിഷയത്തില്‍ തന്നെ വിമര്‍ശിച്ചത് പബ്‌ളിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് ഇന്‍സ്റ്റിട്ട്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. അവര്‍ ഊഹാപോഹങ്ങള്‍ മെനയുകയാണ്. ഇത് തികച്ചും നിരുത്തരവാദപരമാണ്. അവര്‍ സ്വയം പുതിയ തലമുറ സംവിധായകരെന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ അവരില്‍ എന്ത് പുതുമയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാതിബോധമാണ് ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള അടൂരിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. ഇരുപതാമത്തെ വയസില്‍ ജാതിപ്പേര് ഉപേക്ഷിച്ചയാളാണ് താന്‍. അതിനാല്‍ ജാതീയതെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് പണിയുന്നതിനായി ലൈഫ് മിഷനുവേണ്ടി സ്വന്തം സ്ഥലം വിട്ടുനല്‍കിയ ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അടൂര്‍. തെളിവില്ലാതെ ആരുടെയെങ്കിലുംമേല്‍ കുറ്റം ചുമത്തുന്നതിന് എതിരാണ് താന്‍. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കെ കരുണാകരനെ ക്രൂശിലേറ്റിയത് ഇതിനുദ്ദാഹരണമാണ്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇത്തരത്തില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നും അടൂര്‍ ആരോപിച്ചു.