പട്ടി നക്കിയ ജീവിതം : തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

Advertisement

നാൽപത് വയസ് ആയതോടെ താൻ ഇതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്‌നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് തന്റെ വ്‌ളോഗിലൂടെ രഞ്ജിനി പറയുന്നത്.

രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ:

പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോൾ. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനാണ്. ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താൽപര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല.

എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടിൽ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാൽ മതി. അറിയുന്ന ആൾക്കാരെ ഒന്നും കാണാൻ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാൻ സെർച്ച് ചെയ്ത് നോക്കിയിരുന്നു.

ഒന്നുകിൽ ഇത് ഡിപ്രഷൻ ആയിരിക്കും. അതല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോൾ നാൽപത് വയസുണ്ട്. ആ പ്രായത്തിൽ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. പലതും വായിച്ചതിൽ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോൾ പോകുമല്ലോന്ന് രഞ്ജിനി പറയുന്നു.

ജീവിതത്തിൽ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്നം. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. പക്ഷേ അതൊന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല. 2023 ഇതിനെല്ലാം പരിഹാരമായി നല്ലൊരു വർഷമായി മാറിയേക്കുമെന്നാണ് കരുതുന്നത്. രഞ്ജിനി കുറിച്ചിരിക്കുന്നു.