എനിക്ക് നിന്നെ മിസ് ചെയ്യുന്നു അങ്ങോട്ടേക്ക് വരികയാണെന്ന് സണ്ണി പറയും: ദുല്‍ഖര്‍ സല്‍മാന്‍

Advertisement

സെക്കന്റ് ഷോ എന്ന സിനിമയുടെ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് മുതല്‍ സണ്ണി വെയ്ന്‍ തന്റെ കൂടെ കൂടിയതാണെന്നും പിന്നെ ഇതുവരെ വിട്ട് പോയിട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. തന്റെ എല്ലാ സിനിമയുടെയും ലൊക്കേഷനില്‍ സണ്ണി വരുമെന്നും എപ്പോഴും തന്റെ കൂടെ ഉണ്ടാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും താരം പറഞ്ഞു.

ഇടക്ക് ഫോണ്‍ വിളിച്ച് മിസ് ചെയ്യുന്നുണ്ടെന്നും നിന്നെ കാണാന്‍ അങ്ങോട്ടേക്ക് വരികയാണെന്നും സണ്ണി പറയാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. എപ്പോഴാണ് സണ്ണി വരുന്നതെന്നോ പോകുന്നതെന്നോ പറയാന്‍ പറ്റില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘സെക്കന്റ് ഷോ സിനിമയുടെ ആക്ടിങ് വര്‍ക്‌ഷോപ്പിന്റെ സമയത്ത് എന്റെ കൂടെ കൂടിയ ആളാണ് സണ്ണി. ഇതുവരെയായിട്ടും എന്നെ വിട്ട് പോയിട്ടില്ല. എന്റെ ഏത് സിനിമയുടെ ലൊക്കേഷനാണെങ്കിലും അവിടേക്ക് കറങ്ങി തിരിഞ്ഞ് ഉറപ്പായും സണ്ണി വരും. ഇടയ്ക്ക എന്നെ വിളിച്ചിട്ട് പറയും, ഞാനൊരു സ്വപ്‌നം കണ്ടു. എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നു ഞാന്‍ നാളെ അങ്ങോട്ടേക്ക് വരികയാണെന്ന് പറയും.

പിന്നെ എപ്പോള്‍ വരും എപ്പോള്‍ പോകുമെന്നൊന്നും കൃത്യമായി പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരു ദിവസം ഒപ്പമുണ്ടാകും, ചിലപ്പോള്‍ നോക്കിയാല്‍ കാണാന്‍ പോലും കിട്ടില്ല. അവിടെ അന്വേഷിക്കുമ്പോള്‍ സണ്ണി പോയെന്ന് പറയും. പക്ഷെ സ്ഥിരമായി എന്റെ കൂടെയുള്ള ഒരാളാണ് സണ്ണി. എല്ലാ വിധത്തിലും എനിക്ക് സപ്പോര്‍ട്ട് തന്ന് എന്തിനും എന്റെ കൂടെ നില്‍ക്കാറുണ്ട്.

എന്റെ എല്ലാ സിനിമ കണ്ടിട്ടും വിളിക്കും. ഞങ്ങള്‍ ഒരുമിച്ചുള്ള എല്ലാ സിനിമകളും ഒരുപാട് ഓര്‍മകള്‍ തന്നിട്ടുണ്ട്. ഞാന്‍ ആ സിനിമകളൊക്കെ ചെയ്തപ്പോള്‍ സണ്ണിയെ വിളിച്ചിട്ടുണ്ട്. ഇതൊരു വലിയ പടമാണ് നീ വന്ന് അനുഗ്രഹിക്കണമെന്നും പറയും. നീ എങ്ങനെയെങ്കിലും രക്ഷിക്കണം, നീ എന്റെ ലക്കി ചാമാണെന്നും പറയും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

സെക്കന്‍ഡ് ഷോയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. ഇരുവരുടെയും ആദ്യ സിനിമയും അതു തന്നെയാണ്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കമ്മട്ടിപ്പാടം, കലി, ആന്‍മരിയ കലിപ്പിലാണ്, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.