“ഏറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോ”; വൈറലായ ചിത്രത്തിന് ടൊവിനൊയുടെ മറുപടി.!

Advertisement

കൊച്ചി: ജന്മദിനത്തില്‍ നടന്‍ ടൊവിനൊ തോമസിന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുകുട്ടി. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ടൊവിനൊയുടെ വ്യത്യസ്തമായി ഉറങ്ങുന്ന ചിത്രം പങ്കുവച്ച് മാത്തുകുട്ടിയുടെ ജന്മദിനാശംസ.

ഒരു കസേരയില്‍ കാല്‍ എടുത്ത് വച്ച് നിലത്ത് കിടക്കുന്ന ടൊവിനൊയാണ് മാത്തുകുട്ടി പങ്കുവച്ച ചിത്രത്തില്‍ ഉള്ളത്. അതില്‍ എഴുതിയിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെയാണ് – “ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ. ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും.കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

ഈ പോസ്റ്റില്‍ മാത്തുകുട്ടിക്ക് പ്രതികരണവുമായി ടൊവിനൊ തന്നെ കമന്‍റ് ചെയ്തിട്ടുണ്ട്. നന്ദി അളിയാ, ഇതു പോലുള്ള കുറച്ചു ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ എന്ത് വേണം – എന്നാണ് ടൊവിനൊ കമന്‍റ് ചെയ്തിരിക്കുന്നത്. അരലക്ഷത്തിലേറെപ്പേരാണ് ഇതിനകം മാത്തുകുട്ടിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുന്ന യുവ നടനാണ് ടൊവിനോ തോമസ്. വെള്ളിത്തിരയിൽ എത്തി വർഷങ്ങൾ പിന്നിട്ട ടൊവിനോ ഇതിനോടകം സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിലെ നായകൻ എന്ന ഖ്യാതിയും ടൊവിനോയ്ക്ക് സ്വന്തം.

അതേ സമയം ജന്മദിനത്തില്‍ ടൊവിനൊയ്ക്ക് ജന്മദിന ആശംസകളുമായി ‘നീലവെളിച്ചം’ ടീം എത്തിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍.

‘അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ’, എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്. ടൊവിനോയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.