കൊല്ലം: മലയാള സിനിമയില്‍ വമ്പന്‍ കലക്ഷന്‍ റിക്കാര്‍ഡുമായി കുതിച്ച പുലിമുരുകന്‍ എന്ന സിനിമയില്‍ ‘പുലിയെ കൊല്ലണം’, എന്ന് പറയുകയും അനിയനെ മാറോടടുക്കി ഓടുകയും ചെയ്യുന്ന പിഞ്ചു ബാലനെ ആരുമറക്കും. ആദിച്ചനല്ലൂര്‍ സ്വദേശിയായ അജാസാണ് കുട്ടിപ്രായത്തിലെ പുലിമുരുകനായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ടെലിവിഷന്‍ റിയാലിറ്റിഷോയിലൂടെയാണ് അജാസ് ആദ്യമായി കാമറക്ക് മുന്നിലെത്തിയത്. പുലിമുരുകന്‍ കുടാതെ കമ്മാരസംഭവം, ഡാന്‍സ് ഡാന്‍സ് തുടങ്ങി ചില ചിത്രങ്ങളിലും അജാസ് അഭിനയിച്ചു.
പറ്റിയ കഥാപാത്രങ്ങളില്ലാഞ്ഞിട്ടോ പിന്നീട് അജാസ് സ്‌ക്രീനില്‍ നിന്നും പുറത്തായി,ആളെവിടെ എന്നാര്‍ക്കുമറിയില്ല. ഇപ്പോഴിതാ അജാസിനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. എം.എം മഠത്തില്‍ എന്നയാളുടെ കുറിപ്പ് ചിലര്‍ പങ്കുവെച്ചതോടെയാണ് അജാസിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകര്‍ അറിയുന്നത്. ആദിച്ചനല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണിപ്പോള്‍ അജാസ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി സ്‌കൂള്‍ കാലം ആസ്വദിക്കുകയാണ് താരം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
”ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവര്‍ക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയര്‍ പുലിമുരുകന്‍.. എന്നാല്‍ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാന്‍സ്ഫര്‍ കിട്ടി പുതിയ സ്‌കൂളില്‍ ജോയിന്‍ ചെയ്യാന്‍ ചെല്ലുമ്‌ബോള്‍ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീര്‍ത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്‌കൂളില്‍ plus two കോമേഴ്‌സ് വിദ്യാര്‍ത്ഥിയായി പുലിമുരുകന്‍ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല.. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകള്‍ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല… അതേ.. പുലിമുരുകന്‍ എന്ന സിനിമയില്‍ ജൂനിയര്‍ പുലിമുരുകന്‍ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്.
.കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരന്‍ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു.. ഇന്നവന്റെ കണ്ണുകളില്‍ ‘പുലിയെ കൊല്ലണം’ ‘എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.. എല്ലാ ബഹളങ്ങളില്‍ നിന്നും അകന്ന്.. സ്‌കൂള്‍ വിട്ടാല്‍ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാര്‍ഥിയായ് അവന്‍ മാറിയിരിക്കുന്നു..അവനെ ഒന്ന് കാണാന്‍ വേണ്ടി കൊല്ലം രമ്യ തിയേറ്ററില്‍ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോര്‍ത്തു.. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം.. സ്‌കൂള്‍ കലോത്സവങ്ങളില്‍ പോലും പങ്കെടുക്കാറില്ല.. കാരണം ചോദിച്ചപ്പോള്‍ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി..
ഇന്ന് സ്‌കൂളില്‍ വാര്‍ഷികം ആയിരുന്നു.. അവന് സ്‌കൂള്‍ വകയായി ഒരു മൊമെന്റോ compliment ആയി നല്‍കി.. വളരെ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഡാന്‍സ് ചെയ്തു.. അവനിലെ അനായാസ നര്‍ത്തകനെ കണ്ട് കണ്ണു നിറഞ്ഞു.. ഈ കുറിപ്പ് ഇവിടെ ഇടാന്‍ കാരണം ഇത് ലോകമലയാളികളുടെ ഇടമല്ലേ.. പുലിമുരുകന്‍ നമ്മുടെ മനസ്സില്‍ ഇടംപിടിച്ചവന്‍ അല്ലേ.. അവന് ഗോഡ്ഫാദര്‍മാരില്ല.. ഒരു സാധാരണ കുടുംബാംഗം.. നമ്മുടെ ഇടയില്‍ സിനിമാക്കാരും സിനിമാപ്രവര്‍ത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവര്‍ ആരെങ്കിലും വിചാരിച്ചാല്‍ അവനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലേ.. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സില്‍ ഇടം പിടിച്ച, വിസ്മയ നര്‍ത്തകനായ അജാസും അവന്റെ സ്വപ്നങ്ങള്‍ നേടട്ടെ.. അവന്‍ പ്ലസ്ടു എക്സാം എഴുതാന്‍ പോവുകയാണ്..നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയര്‍ ഏതെങ്കിലും സിനിമാക്കാരില്‍ എത്തട്ടെ.. അവന്റെ ലോകം വിശാലമാകട്ടെ”
എം. എം. മഠത്തില്‍