ലോസ്ഏഞ്ചൽസ്: ലോകസംഗീതവേദിയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി പ്രഖ്യാപിച്ചു. ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗ്രാമി നേട്ടത്തിലൂടെ പുരസ്കാര വേദി കീഴടക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോൺസി.
മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് ബിയോൺസിയുടെ ഇരട്ട നേട്ടം. ഇതാദ്യമായാണ് മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ് വിഭാഗത്തിൽ ബിയോൺസി പുരസ്കാര നേട്ടത്തിനു പരിഗണിക്കപ്പെടുന്നത്.
മികച്ച റാപ് പെർഫോമൻസ് വിഭാഗത്തിൽ കെൻഡ്രിക് ലാമറിന്റെ ‘ദ് ഹാർട്ട് പാർട്ട് 5’ പുരസ്കാരം നേടി. ഓസി ഒസ്ബോർണിന്റെ ‘പേഷ്യന്റ് നമ്പർ9’ ആണ് മികച്ച റോക്ക് ആൽബം. മികച്ച റോക്ക് പെർഫോമൻസ് വിഭാഗത്തിൽ ബ്രാൻഡി കാർലി ഗ്രാമി സ്വന്തമാക്കി. ബ്രാൻഡിയുടെ ‘ബ്രോക്കൺ ഹോഴ്സസി’നാണു പുരസ്കാരം.