ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മില്‍ വീടിനു മുന്നിൽവച്ച് കലഹിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിനു പുറത്തു നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വിഡിയോയില്‍ കാണാം. ആലിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിട്ടത്.
ഷൂട്ടിങ് നിര്‍ത്തി വച്ച് മകള്‍ക്കായി വന്നതാണെന്നും മൂത്ത മകൾ ഷോറയുടെ വിസ കാര്യവുമായി അവളെ തന്നോടൊപ്പം വിടണമെന്നാണ് സിദ്ദിഖി ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയാറാകുന്നില്ല. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധം വിവരിച്ച് വലിയൊരു കുറിപ്പോടെയാണ് ആലിയ ഈ വിഡിയോ പങ്കുവച്ചത്. തന്റെ പതിനെട്ട് വര്‍ഷം തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കിയെന്നും നവാസുദ്ദീൻ ചതിയനാണെന്നും ആലിയ പറയുന്നു.
‘‘എന്നെ ഒരു വിലയുമില്ലാത്ത ഒരാൾക്ക് എന്റെ ജീവിതത്തിന്റെ 18 വർഷം നൽകിയതിൽ ഞാൻ ഖേദിക്കുന്നു. 2004-ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഞങ്ങൾ ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെട്ടു. ഞാനും നവാസുദ്ദീനും അയാളുടെ സഹോദരൻ ഷംസുദ്ദീൻ സിദ്ദിഖിയും ഒരു മുറിയിൽ ഒരുമിച്ചായിരുന്നു താമസം. ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി, വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അവൻ എന്നെ സ്നേഹിക്കുന്നുവെന്നും ഏറെ നാൾ ഒരുമിച്ച് സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുമെന്നും ഞാൻ വിശ്വസിച്ചു.
ആ സമയത്ത്, അദ്ദേഹത്തിന് ഭക്ഷണത്തിന് പോലും പണമില്ലായിരുന്നു. ഞാനും അവന്റെ സഹോദരൻ ഷംസുദ്ദീനും ചേർന്നാണ് അതിനുള്ള പൈസ കണ്ടെത്തിയത്. പിന്നീട് ഞങ്ങൾ 2010–ൽ വിവാഹിതരായി, ഒരു വർഷത്തിനുശേഷം എനിക്ക് ഒരു കുഞ്ഞ് ജനിച്ചു. എന്റെ അമ്മ നൽകിയ ഫ്ലാറ്റ് ഞാൻ വിൽക്കുകയും അതേ പണത്തിൽ നിന്ന് ഒരു കാർ (സ്കോഡ ഫാബിയ) അവനു സമ്മാനിക്കുകയും ചെയ്തു.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷം, അയാൾ ഒരുപാട് മാറി. മനുഷ്യത്വരഹിതനായി. മുൻ കാമുകിമാർക്കോ മുൻ ഭാര്യയ്‌ക്കോ അർഹിക്കുന്ന പരിഗണന കൊടുക്കാത്ത ആ മനുഷ്യൻ ഇപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഇയാളുടെ തനിനിറം മറ്റുള്ളവരെയും അറിയിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്.’’–ആലിയ പറയുന്നു.
എല്ലാ രേഖകളും തെളിവുകളും അയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്? ഭാര്യയെ തിരസ്‌കരിച്ച ഇയാള്‍ ഇപ്പോള്‍ മക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആലിയ പറയുന്നുണ്ട്. പല രേഖകളുടെ കോപ്പികളും ആലിയ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ വിഡിയോ കുറച്ച് ദിവസങ്ങൾക്കു മുൻപ് എടുത്തതാണെന്നും നവാസുദ്ദീൻ തന്നെ മാനസികമായും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ആലിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
‘‘എന്നെ മാനസികമായും അയാൾ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ട് കുട്ടികളെ എനിക്കൊപ്പം വിടാൻ പൊരുതണമെന്നാണ് ഇപ്പോൾ തോന്നുന്നത്. എന്റെ രണ്ടാമത്തെ കുട്ടിയോടുള്ള അയാളുടെ വിവേചനമാണ് സഹിക്കാൻ കഴിയാത്തത്. ലിവിങ് റിലേഷൻഷിപ്പിൽ ഉള്ള സമയത്ത് ജനിച്ച കുട്ടിയല്ലേ അത് എന്നാണ് അയാൾ പറയുന്നത്. അങ്ങനെയൊക്കെ ഒരാള്‍ക്കു പറയാനാകുമോ?’’–ആലിയ ചോദിക്കുന്നു.