ജർമ്മൻയാത്രയുടെ ഓർമകളുമായി രജിഷ വിജയൻ

Advertisement

കഴിഞ്ഞ വർഷം നടത്തിയ ജർമനി യാത്രയിൽ നിന്നുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് നടി രജിഷ വിജയൻ. ‘ഓർമകൾ ജീവിതത്തിലെ ഏറ്റവും മികച്ച ഈണം പകരുമ്പോൾ’ എന്നാണ് ഈ വിഡിയോക്ക് രജിഷ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.ഒരു ഗ്രാമപ്രദേശത്ത് കൂടി നടക്കുന്ന രജിഷയാണ് വിഡിയോയിൽ. ലൈലാക് പൂക്കൾ നിറഞ്ഞ ചെറിയ കുറ്റിക്കാടുകൾക്കിടയിലൂടെ നടന്ന്, വിശാലമായ ഒരു പുൽമേട്ടിൽ എത്തുന്നതാണ് വിഡിയോയിൽ ഉള്ളത്.

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമായ ന്യൂറംബർഗിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങൾ രജിഷ കഴിഞ്ഞ വർഷം പോസ്റ്റ്‌ ചെയ്തിരുന്നു.

ചരിത്രപ്രശസ്തമായ മ്യൂണിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബർഗ് സ്ഥിതിചെയ്യുന്നത്. ഇംപീരിയൽ കാസിൽ, സെൻറ് ലോറൻസ് ചർച്ച്, നാസി ട്രയൽ ഗ്രൗണ്ടുകൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഇവിടെയുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളുടെ കലയും സംസ്ക്കാരവും, ചരിത്രവും, ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം മനസ്സിലാക്കാൻ അവസരം നൽകുന്ന 54- ഓളം മ്യൂസിയങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്ലോബും 500 വർഷം പഴക്കമുള്ള മഡോണയും നവോത്ഥാന കാലഘട്ടത്തിലെ ജർമൻ കലയുടെ പരിണാമചരിത്രവുമെല്ലാം ഈ മ്യൂസിയങ്ങളിൽ നിന്നും സഞ്ചാരികൾക്ക് അറിയാം.

നഗരം മുഴുവൻ ചുറ്റിക്കാണാനായി മിനിട്രെയിൻ സേവനമുണ്ട്. സഞ്ചാരികൾക്ക് രണ്ടു ദിവസത്തേക്ക് തികച്ചും സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിനായി ടൂറിസം ബോർഡ് പ്രത്യേക കാർഡ് പുറത്തിറക്കിയിട്ടുണ്ട്. പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കാനും ന്യൂറെംബർഗിലെ എല്ലാ മ്യൂസിയങ്ങളിലേക്കും ആകർഷണങ്ങളിലേക്കും രണ്ട് ദിവസത്തേക്ക് സൗജന്യ പ്രവേശനം നേടാനും ഈ കാർഡ് കൈവശമുള്ളവർക്ക് കഴിയും.

കൂടാതെ, ആറ് അമ്യൂസ്മെൻറ് പാർക്കുകളും ഗ്രീൻ ഏരിയകളും കൂടാതെ ബൗളിംഗ്, റോക്ക് വാൾ ക്ലൈമ്പിങ്, എസ്‌കേപ്പ് റൂമുകൾ, കാർട്ട് റേസിങ്, മിനി ഗോൾഫ്, തിയേറ്ററുകൾ, സിനിമാശാലകൾ, കുളങ്ങൾ, തെർമൽ സ്പാകൾ തുടങ്ങിയ വിനോദ സൗകര്യങ്ങളുമെല്ലാം ഈ നഗരത്തിലുണ്ട്.

ജർമനിയിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റും ലോകത്തിലെ ജിഞ്ചർബ്രെഡ് തലസ്ഥാനവുമായ ക്രൈസ്റ്റ്കിൻഡിൽസ്മാർക്കാണ് ഇവിടെ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരിടം. ലോകമെങ്ങുമുള്ള രുചികൾ ലഭിക്കുന്ന നൂറുകണക്കിന് റെസ്റ്റോറന്റുകളും നഗരത്തിലുണ്ട്.