ഇറാനിയൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു; രാഖി സാവന്തിന്റെ ഭർത്താവിനെതിരെ കേസ്

Advertisement

മൈസൂരു ∙ ബോളിവുഡ് നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ദുറാനിക്കെതിരെ പീഡനക്കേസ്. തന്റെ പണം ദുരുപയോഗം ചെയ്തെന്ന രാഖിയുടെതന്നെ പരാതിയിൽ ആദിലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പീഡനക്കേസും റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇറാനിയൻ വിദ്യാർഥിനിയുടെ പരാതിയിലാണ് ആദിലിനെതിരെ മൈസൂരു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇറാനിൽനിന്നു കർണാടകയിലെ മൈസൂരുവിൽ പഠിക്കാനെത്തിയ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവി പുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

മൈസൂരുവിൽ ബിഫാം പഠിക്കാനെത്തിയ ഇറാനിയൻ വിദ്യാർഥിനിയെ ആദിലിന് അഞ്ച് വർഷമായി പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥിനിയുമായി വിവി പുരത്തെ ഒരു അപ്പാർട്ട്‌മെന്റിൽവച്ച് ആദിൽ ദുറാനി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അഞ്ച് മാസം മുൻപ്, വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദിൽ വിസമ്മതിച്ചു. സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.

ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ആദിലിനെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ പണം ദുരുപയോഗം ചെയ്തെന്നും ഗാർഹിക പീഡനത്തിന് ഇരയായെന്നുമുള്ള രാഖി സാവന്തിന്റെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് മുംബൈ ഒഷിവാര പൊലീസ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തത്. ആദിൽ താനുമായി ബന്ധം വേർപെടുത്തിയെന്നും കാമുകിയോടൊപ്പമാണ് താമസിക്കുന്നതെന്നും രാഖി അവകാശപ്പെട്ടിരുന്നു.