ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. 1964ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിലെ ‘ഏകാന്തതയുടെ മഹാതീരം’ എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഭാസ്കരൻ മാഷിന്റെ വരികൾക്കു എം.എസ്.ബാബുരാജ് ഈണമൊരുക്കിയ ഗാനം കമുകറ പുരുഷോത്തമനാണ് ഭാര്‍ഗവീനിലയത്തിനു വേണ്ടി ആലപിച്ചത്. നീലവെളിച്ചത്തിനു വേണ്ടി ഷഹബാസ് അമൻ പിന്നണി പാടി.
ചിത്രത്തിലെ നായകൻ ടൊവിനോ ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നടന്റെ വേറിട്ട ലുക്ക് ആസ്വാദകശ്രദ്ധ നേടുകയാണ്. പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘അനുരാഗമധുചഷകം പോലെ’ എന്ന ഗാനവും പുനരാവിഷ്കരിച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരിൽ സിനിമയാക്കുന്നത്. റിമ കല്ലിങ്കൽ നായികയായെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേർന്നാണു ചിത്രത്തിന്റെ നിർമാണം.