ഷാറുഖ് ഖാൻ–ദീപിക പദുക്കോൺ ചിത്രം പഠാനിലെ ‘ബേഷറം രംഗ്’ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഷാറുഖും ദീപികയും നൃത്തസംവിധായിക വൈഭവി മെർച്ചന്റും ഗാന ചിത്രീകരണ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട് വിഡിയോയിൽ. ഇത്തരമൊരു പാട്ടിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും ദീപിക പദുക്കോൺ പറയുന്നു.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആകർഷകമായ ലൊക്കേഷനിലായിരുന്നു ചിത്രീകരണമെന്നും കുടുംബത്തോടൊപ്പം അവധിയാഘോഷിച്ചതുപോലെയാണ് തോന്നിയതെന്നും ഗാനചിത്രീകരണത്തെക്കുറിച്ച് ഷാറുഖ് പറഞ്ഞു. സ്പെയിനിൽ വച്ചായിരുന്നു ബേഷറം രംഗിന്റെ ഷൂട്ടിങ്.
പാട്ട് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ദീപികയെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അവതരിപ്പിക്കാനാണു ശ്രമിച്ചതെന്നും നൃത്തസംവിധായിക വൈഭവി മെർച്ചന്റ് പറയുന്നു. വളരെ തണുപ്പുള്ള, മഞ്ഞു പെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു പാട്ട് ചിത്രീകരിച്ചതെന്നും ഏറെ പാടുപെട്ടാണ് കൊടും തണുപ്പിലും ദീപികയും മറ്റു നർത്തകരും ബിക്കീനി ധരിച്ച് അഭിനയിച്ചതെന്നും എല്ലാവരും തന്നെ അദ്ഭുതപ്പെടുത്തിയെന്നും വൈഭവി മെർച്ചന്റ് കൂട്ടിച്ചേർത്തു. മേക്കിങ് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പുറത്തിറങ്ങിയപ്പോൾ മുതൽ വിവാദത്തിലകപ്പെട്ട ഗാനമാണ് ‘ബേഷറം രംഗ്’. ഷാറുഖിന്റെയും ദീപികയുടെയും ത്രസിപ്പിക്കും നൃത്തമാണ് പാട്ടിന്റെ മുഖ്യാകർഷണം. കാവി നിറത്തിലുള്ള ബിക്കീനി ധരിച്ചെത്തിയ ദീപിക മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജ്യമാകെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ സകല റെക്കോർഡുകളും ഭേദിച്ച് കോടികൾ വാരിക്കൂട്ടുകയാണ് പുറത്തിറങ്ങിയ അന്നു മുതൽ ‘പഠാൻ’.
ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാലപിച്ചതാണ് ‘ബേഷറം രംഗ്’ ഗാനം. വിശാലും ശേഖറും ചേര്‍ന്ന് ഈണമൊരുക്കിയിരിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘പഠാൻ’. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു.