നടി റോമ ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക്; സ്ഥിര താമസമാക്കും

Advertisement

ദുബായ്: മലയാള സിനിമാ നടി റോമ ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക്. ഇവിടെ തന്നെ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനാണു പദ്ധതി. ഇതിന്റെ ഭാഗമായി താരം കുറച്ചുനാൾ മുൻപ് യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയിരുന്നു. ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ വഴിയാണ് ഇതിന്റെ കടലാസുജോലികൾ പൂർത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു നടി ലൈസൻസ് ഏറ്റുവാങ്ങി. ആറു കോടി രൂപ (30 ലക്ഷം ദിർഹം) മൂലധനം നിക്ഷേപമുള്ളതാണു പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നു റോമ പറഞ്ഞു.

ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫിസ് തുറക്കാനുള്ള ഒരുക്കത്തിലുമാണ്. ഗോൾഡൻ വീസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായതിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്നു റോമ പറഞ്ഞു.

ദുബായിൽ ബിസിനസ് തുടങ്ങുന്നതിനും വീട് ഉൾപ്പെടെ വസ്തു വാങ്ങുന്നതിനും ഗോൾഡൻ വീസക്കാർക്ക് ആകർഷകമായ ഇളവുകൾ ദുബായ് പ്രഖ്യാപിച്ചതിനു പിന്നാലെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്. അതേസമയം, ബോളിവുഡ് സൂപ്പർ താരം നേരത്തെ റാസൽഖൈമയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇറങ്ങാൻ ഒരുക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.