എന്റെ മകന്റെ വിവാഹത്തില്‍ എന്ന പോലെ എനിക്ക് സന്തോഷം നല്‍കുന്ന നിമിഷം,മോഹന്‍ലാല്‍

Advertisement

വ്യക്തിബന്ധങ്ങളെയും ജീവിതത്തെയും പറ്റി മോഹന്‍ലാല്‍ വാചാലനായതിന് മാധ്യമങ്ങളില്‍ വ്യാപക കവറേജ്, ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്‍ ഗൗതമിന്റ വിവാഹ റിസപ്ഷന്‍ ചടങ്ങുകള്‍ കോഴിക്കോടുള്ള ഹോട്ടലില്‍ വച്ച് കഴിഞ്ഞദിവസമാണ് നടന്നത്. തന്റെ മകന്റെ വിവാഹം കൂടുന്ന ഫീല്‍ ആണ് ഇപ്പോള്‍ ഉള്ളതെന്നും, മാധവന്റെ മക്കള്‍ എന്റെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികള്‍ ആണ് എന്നും മോഹന്‍ലാല്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ചില അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം ഒരു അവസരം എനിക്ക് തന്നതില്‍ ദൈവത്തോട് നന്ദിയുണ്ട്. കാരണം ഞാന്‍ ഈ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തും എന്ന് വിചാരിച്ചതല്ല. ഞാന്‍ രാജസ്ഥാനില്‍ ആയിരുന്നു , അവിടെ നിന്നും എനിക്ക് ഏറ്റവും ഇഷ്ടപെട്ട സൗഹൃദങ്ങളുടെ നഗരമായ കോഴിക്കോട് എങ്ങനെ എത്തും എന്നായിരുന്നു ആകുലത. പക്ഷെ എനിക്ക് എത്താന്‍ കഴിഞ്ഞു, അത് മാധവനും അദ്ദേഹത്തിന്റെ കുടുംബവും ആയുള്ള സൗഹൃദവും ബന്ധവും കൊണ്ടുതന്നെ ആണ്. സൗഹൃദത്തിന് ഞാനും മാധവനും ഒരേ പോലെ പ്രാധാന്യം കൊടുക്കുന്ന ആളുകള്‍ ആണ്. എനിക്ക് മാധവനുമായി ഒരു ഇരുപത്തിയഞ്ചു വര്‍ഷത്തെ ബന്ധമുണ്ട്. ഞങ്ങള്‍ സുഖങ്ങളും ദുഖങ്ങളും എല്ലാം ഒരുമിച്ചനുഭവിച്ചുകൊണ്ട് പോകുന്നവരാണ്.

മാധവന്റെ കുടുംബവുമായി ഒക്കെ ഒരുപാട് യാത്രകള്‍ പോകാറുണ്ട്. ഞാന്‍ മാത്രമല്ല ഞങ്ങള്‍ക്ക് ഒരുപറ്റം സുഹൃദ് വ ലയങ്ങളുണ്ട് അവര്‍ എല്ലാവരുമായി യാത്ര പോകാറും ഉണ്ട്. അത്തരം യാത്രകളില്‍ ആണ് നമ്മള്‍ ഒരാളെ കൂടുതല്‍ മനസിലാക്കുകയും അടുത്തറിയുകയും ചെയ്യുന്നത്. മാധവനും വ്യക്തി ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്രകളില്‍ അദ്ദേഹത്തെ കൂടുതല്‍ അറിയാനും പരിചയപ്പെടാനും ഞങ്ങളുടെ സൗഹൃദം പുതുക്കാനും ഒക്കെ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളായ കണ്ണനും ലക്ഷ്മിയും, (ഗൗതമും, ലക്ഷ്മിയും) എനിക്ക് എന്റെ കുട്ടികളെ പോലെ തന്നെ ആണ്. അവരുടെ ചെറുപ്പം മുതല്‍ വളര്‍ന്നു വരുന്ന കാലഘട്ടങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരുന്ന ആളാണ് ഞാന്‍. കണ്ണനും ഹിരാങ്കിയും വിവാഹിതര്‍ ആകുന്നു എന്ന് പറഞ്ഞു കേട്ടപ്പോള്‍ തന്നെ കാലം എത്ര വേഗം കുതിക്കുന്നു എന്ന് മനസിലാകുന്നു.

എന്റെ മകന്റെ വിവാഹത്തില്‍ എന്ന പോലെ എനിക്ക് സന്തോഷം നല്‍കുന്ന നിമിഷം ആണ് ഇത്. എന്റെ കുടുംബത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്ത് തന്നെ ആയാലും നവദമ്പതിമാര്‍ക്ക് എന്റെയും കുടുംബത്തിന്റെയും ആശംസ. ജീവിതം മനോഹരമായ ഒരു യാത്രയാണ്. അതില്‍ രണ്ടുപേരും അടുത്തറിഞ്ഞു ഒരുമിച്ചു പോകുമ്പോള്‍ അത് മനോഹരമായ ഒരു സംഗീതം പോലെ ആകുന്നു. ഇത്തരം സന്തോഷസമാഗമ വേളയില്‍ വലിച്ചു നീട്ടുന്നില്ല. കവി പറഞ്ഞ പോലെ ഒരു വാക്ക് ഒരു ചിരി ഞാന്‍ സന്തുഷ്ടനാണ്. സത്യത്തില്‍ വളരെ അധികം സന്തോഷമുണ്ട്.- മോഹന്‍ലാല്‍ പറഞ്ഞു.

Advertisement