പൃഥ്വി ഷാ ഉപദ്രവിച്ചു, കേസെടുക്കണം; ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ സപ്നയുടെ നീക്കം

Advertisement

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും കൂട്ടരും ഉപദ്രവിച്ചെന്നാണു സപ്നയുടെ പരാതിയിലുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതയായതിനു പിന്നാലെയാണ് സപ്ന ഗില്ലിന്റെ നീക്കം. തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതി സപ്ന ഗില്ലിന് ജാമ്യം അനുവദിക്കുകയായിരുന്നു.

പൃഥ്വിഷായുമായി സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചതായും കാർ തല്ലിത്തകർത്തതായുമാണു കേസ്. അഭിഭാഷകൻ വഴി തിങ്കളാഴ്ചയാണ് സപ്ന ഗിൽ അന്ധേരിയിലെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ക്രിക്കറ്റ് താരത്തിനെതിരെ പരാതി നൽകിയത്.

പൃഥ്വി ഷായ്ക്കു പുറമേ സുഹൃത്ത് ആശിഷ് യാദവിനും മറ്റു സുഹൃത്തുക്കൾക്കുമെതിരെയും സപ്നയുടെ പരാതിയിൽ പരാമർശങ്ങളുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ക്ലബ്ബിൽ സപ്നയും സുഹൃത്ത് ശോഭിത് ഠാക്കൂറും ഇരിക്കുന്നതിനിടെ മദ്യപിക്കുന്ന പൃഥ്വി ഷായെ കണ്ടതായി പരാതിയിൽ പറയുന്നു.

‘‘ക്രിക്കറ്റ് ആരാധകനായ ശോഭിത് സെൽഫിയെടുക്കാനായി പൃഥ്വി ഷായെ സമീപിച്ചു. കൗമാരക്കാരനായ ശോഭിത്തിന് മദ്യപസംഘത്തിന്റെ ക്രൂരതകളേക്കുറിച്ച് അറിയില്ലായിരുന്നു. ഠാക്കൂർ നിസ്സഹായനായി നിന്നപ്പോഴാണ് സപ്ന ഗിൽ വിഷയത്തിൽ ഇടപെട്ടത്. പൃഥ്വി ഷായും കൂട്ടുകാരും ശോഭിത്തിനെ മർദിക്കുന്നതു തടയുന്നതിനാണു സപ്ന അങ്ങോട്ടുപോയത്.’’– പരാതിയിൽ പറയുന്നു.

കുടിച്ചു ബോധമില്ലാതെനിന്ന പൃഥ്വി ഷായോടു പല തവണ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സപ്ന പരാതിയിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15നു പുലർച്ചെയാണു മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷായ്ക്കും സുഹൃത്തിനുമെതിരെ ആക്രമണമുണ്ടായത്. വാഹനത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ പിന്തുടർന്ന അക്രമി സംഘം സിഗ്നലിൽവച്ച് വാഹനം തല്ലിത്തകർത്തതായാണു പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിലുള്ളത്. തൊട്ടടുത്ത ദിവസം തന്നെ സപ്ന ഗില്ലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.