അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന നടി ഭാവനക്ക് ആശംസയുമായി ഇന്ത്യൻ ഫിലിം ഫ്രട്ടേണിറ്റി. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
മാധവൻ, കുഞ്ചാക്കോ ബോബൻ, ജാക്കി ഷ്രോഫ്, പ്രിയാമണി, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, ടൊവിനൊ തോമസ്, മഞ്ജു വാര്യർ എന്നിവരാണ് ആശംസയുമായി പ്രത്യേക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ കണ്ട് ഭാവനക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. “ഒരിടവേളക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിന്‍റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ”, എന്നിങ്ങനെയായിരുന്നു പോസ്റ്റ്.
2017ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ ആയിരുന്നു ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. മലയാള സിനിമയിൽനിന്ന് വിട്ടുനിന്നിരുന്നെങ്കിലും ഇതര ഭാഷ ചിത്രങ്ങളിൽ ഭാവന സജീവമായിരുന്നു. മലയാളത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് അവർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘‘മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വമാണ്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അത് തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്’’, എന്നിങ്ങനെയായിരുന്നു പ്രതികരണം.
ഷറഫുദ്ദീൻ നായകനായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് നിർമാണം. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.