സിനിമാ ചിത്രീകരണത്തിനിടെ വൻ അപകടം; തമിഴ് നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴക്ക്

Advertisement

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ വൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തമിഴ് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂനമല്ലിയിലായിരുന്നു സിനിമാ ചിത്രീകരണം.

ട്രക്ക് മതിൽ തകർത്ത് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചത്. എന്നാൽ, നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് മുന്നോട്ട് കുതിക്കുകയായിരുന്നു. ഈ സമയത്ത് നിലത്ത് കിടക്കുകയായിരുന്ന വിശാലിനെ ജൂനിയർ ആർടിസ്റ്റുകളിൽ ഒരാൾ ഉടൻ വലിച്ചുമാറ്റുകയായിരുന്നു.

പരിക്കുകളോടെയാണ് താരം രക്ഷപ്പെട്ടത്. ചിത്രീകരണത്തിന്റെ ഭാഗമായി സ്ഥലത്ത് നൂറുകണക്കിനുപേർ ഉണ്ടായിരുന്നു. ഇവരും വാഹനത്തിനുമുൻപിൽനിന്ന് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

വിശാൽ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഏതാനും സെക്കൻഡുകളുടെയും ഇഞ്ചുകളുടെയും വ്യത്യാസത്തിൽ ജീവൻ തീർന്നേനെ, ദൈവത്തിനു നന്ദി’ എന്നാണ് ദൃശ്യം പങ്കുവച്ച് താരം കുറിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ വിശദീകരണം. സിനിമാ ചിത്രീകരണം പിന്നീട് പുനരാരംഭിച്ചു.

ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. എസ്.ജെ സൂര്യ, സുനിൽ, ഋതു വർമ, അഭിനയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാർ സംഗീതം നിർവഹിച്ച ചിത്രം വിശാൽ ഫിലിം ഹൗസാണ് നിർമിക്കുന്നത്.

Advertisement